ട്രംപിന്റെ ജനപിന്തുണ ഇടിയുന്നു


NOVEMBER 8, 2019, 2:41 PM IST

പ്രത്യേക ലേഖകന്‍

ഇക്കഴിഞ്ഞ ദിവസം നടന്ന വിര്‍ജീനിയ സംസ്ഥാന ഹൗസ് ഓഫ് ഡെലിഗേറ്റ്‌സിലേക്കുള്ള തെരഞ്ഞെടുപ്പിലും കെന്റക്കി ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടി നല്‍കുന്ന സന്ദേശം വ്യക്തം: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും കാലിടറുകയാണ്.

വിര്‍ജീനിയയില്‍ ഹൗസ് ഓഫ് ഡെലിഗേറ്റ്‌സ് തെരഞ്ഞെടുപ്പില്‍ കാല്‍നൂറ്റാണ്ടില്‍ ആദ്യമായാണ് ഡെമോക്രാറ്റുകള്‍ മേല്‍ക്കൈ നേടുന്നത്. കെന്റക്കിയില്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും വിജയിക്കാന്‍ കഴിഞ്ഞതും അവര്‍ക്ക് വലിയ നേട്ടമായി. ഇതിന് പുറമെ മിസിസിപ്പിയില്‍ ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ചെറിയ വ്യത്യാസത്തിലാണ് പരാജയപ്പെട്ടതെന്നത് അവര്‍ക്ക് ആവേശവുമായി.

ഈ മൂന്ന് തെരഞ്ഞെടുപ്പ് ഫലങ്ങളും വിരല്‍ ചൂണ്ടുന്നത്  റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരമ്പരാഗത സ്വാധീന മേഖലകളില്‍ നിന്ന് അവര്‍ പുറം തള്ളപ്പെടുന്നുവെന്നാണ്. അതിന് മുഖ്യ കാരണമാകട്ടെ പ്രസിഡന്റ് ട്രംപിന്റെ രാഷ്ട്രീയ-ഭരണ ശൈലിയോടുള്ള ജനങ്ങളുടെ എതിര്‍പ്പും. ഗ്രാമീണ വോട്ടര്‍മാരെയും തൊഴിലാളികളെയും തന്റെ ആക്രമണോല്‍സുകമായ രാഷ്ട്രീയ ശൈലി കൊണ്ട് പ്രസിഡന്റ് ട്രംപിന് ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെങ്കിലും അതിനേക്കാള്‍ പതിന്മടങ് വേഗത്തില്‍ അദ്ദേഹത്തിന് നഗരപ്രാന്തങ്ങളില്‍ വസിക്കുന്നവരുടെ--പ്രത്യേകിച്ച് കോളജ് വിദ്യാഭ്യാസം സിദ്ധിച്ച സ്ത്രീകളുടെ--പിന്തുണ നഷ്ടമാവുകയാണ്.

അതിന് കനത്ത വില നല്‍കേണ്ടി വരുന്നതാകട്ടെ ട്രംപിന് ഉറച്ച പിന്തുണയുമായി നില്‍ക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും.

ഗവര്‍ണര്‍ സ്ഥാനത്തിന് വീണ്ടും മത്സരത്തിനിറങ്ങിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മാറ്റ് ബെവിന്‍ പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റം പോലെയുള്ള ഇഷ്ടവിഷയങ്ങള്‍ ഉയര്‍ത്തിയാണ് പ്രചാരണം നടത്തിയത്. തൊഴിലില്ലായ്മാ നിരക്ക് വളരെ കുറഞ്ഞ (4.4%) ആയിട്ടും അതിനാല്‍ തന്നെ അദ്ദേഹത്തിന് നേട്ടം കൊയ്യാന്‍ കഴിഞ്ഞില്ല.

മറുവശത്ത്, ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആന്‍ഡ്രു ബഷീര്‍ പ്രസിഡന്റ് ട്രംപിനെ കുറിച്ച് പരാമര്‍ശിക്കാതെ  മധ്യവര്‍ത്തി നിലപാട് സ്വീകരിക്കുകയും അധ്യാപകരടക്കമുള്ള അഭ്യസ്തവിദ്യരെ തനിക്കൊപ്പം നിര്‍ത്താന്‍ ശ്രമിക്കുകയുമാണ് ചെയ്തത്. എന്നാല്‍ വിര്‍ജീനിയയില്‍ തോക്ക് നിയന്ത്രണവും മെച്ചപ്പെട്ട വേതനവുമടക്കമുള്ള ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ദേശീയ തലത്തിലെ പ്രഖ്യാപിത നിലപാടുകളോട് അടുത്ത് നിന്നാണ് അവര്‍ തെരഞ്ഞെടുപ്പ് പോരാട്ടം നടത്തിയതും വന്‍ വിജയം കൊയ്തതും.

ഈ ഫലങ്ങള്‍ 2020ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംബന്ധിച്ച് സൂചനകളൊന്നും നല്‍കുന്നില്ലെന്ന് വേണമെങ്കില്‍ പറയാം. പക്ഷെ, പ്രസിഡന്റ് ട്രംപിന് ഒരു ഘട്ടത്തിലും 50 ശതമാനത്തിന് മുകളില്‍ ജനപിന്തുണ ലഭിച്ചിട്ടില്ല എന്നതും  കുടിയേറ്റമടക്കമുള്ള പ്രശ്‌നങ്ങള്‍ അദ്ദേഹം സ്വീകരിക്കുന്ന വിഭാഗീയ നിലപാടും 2020ല്‍ വിനയാകാം എന്നതിന്റെ സൂചനകള്‍ അവയിലുണ്ട്.

ട്രംപിന് പ്രതീക്ഷക്ക് വക നല്‍കുക മൂന്ന് സാധ്യതകളാണ്: സമ്പദ്ഘടനയുടെ വളര്‍ച്ചയില്‍ നിലവിലെ 2 ശതമാനത്തില്‍ നിന്ന് ഒരു മുന്നേറ്റം, പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള ഡെമോക്രാറ്റുകളുടെ തീരുമാനത്തിന് ഏതെങ്കിലും തരത്തിലുള്ള തിരിച്ചടി, പിന്നെ തീവ്ര ഇടതുപക്ഷ നിലപാടുള്ള ഒരാള്‍ ഡെമോക്രാറ്റിക്ക് കക്ഷി സ്ഥാനാര്‍ത്ഥിയായി വരുക. ഇതൊന്നും സംഭവിച്ചില്ലെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഹൗസും, സെനറ്റും, വൈറ്റ് ഹൗസും നഷ്ടമാകുന്നതാവും 2020ല്‍ കാണ്ടേണ്ടി വരുക.

Other News