ടയര്‍ നിക്കോള്‍സിന്റെ മരണശേഷം പോലീസ് യൂണിറ്റ് പിരിച്ചുവിട്ടു


JANUARY 29, 2023, 7:13 AM IST

മെംഫിസ്: ടയര്‍ നിക്കോള്‍സിനെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സ്‌കോര്‍പിയോണ്‍ സ്പെഷ്യല്‍ യൂണിറ്റിനെ  മെംഫിസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പിരിച്ചുവിട്ടു.

'തെരുവുകളിലുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കി  അയല്‍പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള പോലീസ് യൂണിറ്റാണ് സ്‌കോര്‍പിയോണ്‍.

പ്രത്യേക മേഖലകളിലെ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട 50 പേരടങ്ങുന്ന യൂണിറ്റാണിത്.

എന്നാല്‍ ജനുവരി 7 മുതലുള്ള വീഡിയോകളില്‍ 29 കാരനായ നിക്കോള്‍സിനെ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ മര്‍ദിക്കുന്നതായി കണ്ടെത്തിയിനെതുടര്‍ന്നാണ് സ്‌കോര്‍പ്പിയോണ്‍ പ്രവര്‍ത്തനം നിര്‍ത്തലാക്കപ്പെടുന്നത്.

യൂണിറ്റ് ശാശ്വതമായി നിര്‍ജ്ജീവമാക്കുന്നത് എല്ലാവരുടെയും മികച്ച താല്‍പ്പര്യമാണെന്ന് വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

'ചിലരുടെ ഹീനമായ പ്രവൃത്തികള്‍ സ്‌കോര്‍പിയോണ്‍ എന്ന തലക്കെട്ടില്‍ മാനക്കേടുണ്ടാക്കുന്നുണ്ടെങ്കിലും,  ഇരകളാക്കപ്പെട്ടവരും അതിന്റെ ആഘാതം അനുഭവിക്കുന്നവരുമായ എല്ലാവരേയും സുഖപ്പെടുത്തുന്ന പ്രക്രിയയില്‍ സജീവമായ നടപടികള്‍ മെംഫിസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ്,കൈക്കൊള്ളേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

സ്‌കോര്‍പിയോണ്‍ പിരിവിടാനുള്ള തീരുമാനത്തെ നിക്കോള്‍സിന്റെ കുടുംബം സ്വാഗതം ചെയ്തു.

'ടയര്‍ നിക്കോള്‍സിന്റെ ദാരുണമായ മരണത്തിന് ഉചിതവും ആനുപാതികവും, കൂടാതെ മെംഫിസിലെ എല്ലാ പൗരന്മാര്‍ക്കും മാന്യവും നീതിയുക്തവുമായ തീരുമാനമാണിതെന്ന് നിക്കോള്‍സിന്റെ കുടുംബം അവരുടെ അഭിഭാഷകര്‍ വഴി നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു.

2021 ഒക്ടോബറിലാണ് ഈ യൂണിറ്റ് ആരംഭിച്ചത്. കാര്‍ മോഷണങ്ങളും സംഘവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും പോലുള്ള ഉയര്‍ന്ന സ്വാധീനമുള്ള കുറ്റകൃത്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

നിക്കോള്‍സിന്റെ മരണത്തിന് ഉത്തരവാദികളെന്ന് കണ്ടെത്തിയ ടഡാരിയസ് ബീന്‍, ഡെമിട്രിയസ് ഹേലി, ഡെസ്മണ്ട് മില്‍സ് ജൂനിയര്‍, എമിറ്റ് മാര്‍ട്ടിന്‍ III, ജസ്റ്റിന്‍ സ്മിത്ത് എന്നീ അഞ്ച് ഉദ്യോഗസ്ഥരെ കഴിഞ്ഞയാഴ്ച പുറത്താക്കിയിരുന്നു.

വ്യാഴാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്, ഓരോരുത്തര്‍ക്കും രണ്ടാം ഡിഗ്രി കൊലപാതകം, ക്രൂരമായ ആക്രമണം, തട്ടിക്കൊണ്ടുപോകല്‍, ഉദ്യോഗസ്ഥ മോശം പെരുമാറ്റം, ഉദ്യോഗസ്ഥ അടിച്ചമര്‍ത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ജയില്‍ രേഖകള്‍ പ്രകാരം അഞ്ച് പേരില്‍ നാല് പേര്‍ക്ക് ജാമ്യം നല്‍കി വെള്ളിയാഴ്ച രാവിലെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചു.

അതേസമയം തങ്ങളുടെ കക്ഷികള്‍ കുറ്റക്കാരല്ലെന്ന് വാദിക്കുമെന്ന് മാര്‍ട്ടിന്റെയും മില്‍സിന്റെയും അഭിഭാഷകര്‍ പറഞ്ഞു.

Other News