ഫെബ്രുവരിക്കു ശേഷം ഉയര്‍ന്ന കോവിഡ് കേസുകളുമായി യു എസ്


AUGUST 1, 2021, 7:45 PM IST

വാഷിംഗ്ടണ്‍: ഈ വര്‍ഷം ഫെബ്രുവരിക്ക് ശേഷം ഒരു ദിവസത്തെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്ത് യു എസ്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സി ഡി സി) ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. 

ശനിയാഴ്ച പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം ജൂലൈ 30ന് രാജ്യത്ത് പുതുതായി 101,171 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കണക്കുകള്‍ പ്രകാരം ഏഴു ദിവസത്തെ പ്രതിദിന ശരാശരി 72,493 ആണ്. ഫെബ്രുവരി പകുതിക്ക് ശേഷം ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

ഞായറാഴ്ച രാവിലെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 34,974,823 ആയി ഉയര്‍ന്നു. മരിച്ചവര്‍ 613,133 ആയി. 

കോവിഡ് രോഗബാധയോടൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണവും യു എസിലെ എല്ലാ സംസ്ഥാനങ്ങളിലും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡെല്‍റ്റ വകഭേദമാണ് കോവിഡ് രോഗബാധ വ്യാപിക്കുന്നതിന് പ്രധാന പങ്കുവഹിക്കുന്നത്. കൊറോണയുടെ മുന്‍ പതിപ്പുകളേക്കാള്‍ ഏറെ അപകടകാരിയാണ് ഡെല്‍റ്റ വകഭേദം. 

സി ഡി സി അപ്‌ഡേറ്റ് പ്രകാരം നിലവിലുള്ള ഏഴു ദിവസത്തെ ശരാശരി പ്രതിദിന കേസുകള്‍ അതിനു മുമ്പുള്ള ഏഴു ദിവസത്തെ അപേക്ഷിച്ച് 64.1 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്. 

സി ഡി സിയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഏഴു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 5475 ആയിരുന്നു. അതിനു മുമ്പുള്ള ആഴ്ചയെ അപേക്ഷിച്ച് 46.3 ശതമാനമാണ് ഈ വര്‍ധന രേഖപ്പെടുത്തുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ജൂണ്‍ 25 മുതലാണ് തുടര്‍ച്ചയായി വര്‍ധിച്ചത്. അതോടൊപ്പം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ശരാശരി മരണ നിരക്കിലും 33.3 ശതമാനം വര്‍ധനവാണ് സി ഡി സി രേഖപ്പെടുത്തുന്നത്. 

മെയ് മാസത്തില്‍ ഡെല്‍റ്റ വകഭേദം ഒരു ശതമാനത്തില്‍ താഴെയായിരുന്നെങ്കില്‍ ഇപ്പോഴത് 80 ശതമാനത്തിലധികമാണെന്നാണ് സി ഡി സി വെബ്‌സൈറ്റ് പറയുന്നത്. കണക്കുകള്‍ പ്രകാരം നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ ഇരട്ടി വേഗത്തിലാണ് ഡെല്‍റ്റ വകഭേദം വ്യാപിക്കുന്നത്. ദേശീയ തലത്തില്‍ ഡെല്‍റ്റ വകഭേദത്തിലൂടെയുള്ള കേസുകളുടെ അനുപാതം 82.2 ശതമാനമായി ഉയരുമെന്നാണ് സി ഡി സി പറയുന്നത്.

രാജ്യവ്യാപകമായി കോവിഡ് അണുബാധകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ സി ഡി സി മാസ്‌കുകള്‍ വീണ്ടും അണിയണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഉയര്‍ന്ന അപകട സാധ്യതകളുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളിലും പൊതു സ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നത് പുനഃരാരംഭിക്കണമെന്ന് വാക്‌സിനേഷന്‍ ചെയ്ത അമേരിക്കക്കാരോട് ആവശ്യപ്പെട്ടു. 

Other News