വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഇരുപതാം വര്‍ഷത്തില്‍ ആദരമര്‍പ്പിച്ച് യു എസ്


SEPTEMBER 11, 2021, 9:46 PM IST

ന്യൂയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്ററിലും പെന്റഗണിലുമുണ്ടായ ആക്രമണങ്ങളുടെ ഇരുപതാം വര്‍ഷത്തില്‍ സംഭവത്തില്‍ മരിച്ച മൂവായിരത്തോളം പേര്‍ക്ക് ആദരമര്‍പ്പിച്ച് അമേരിക്കന്‍ ജനത. ഒരു നിമിഷം നിശ്ശബ്ദമായതിന് ശേഷമാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇരുപതാം വര്‍ഷത്തിലെ ചടങ്ങ് ആരംഭിച്ചത്. ആക്രമണത്തില്‍ മരിച്ച 2977 ഇരകളുടേയും പേരുകള്‍ ബന്ധുക്കള്‍ ഉറക്കെ വായിക്കാന്‍ തുടങ്ങി. നാല് മണിക്കൂര്‍ നീളുന്ന വാര്‍ഷിക ആചാരമാണിത്. 

പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ബില്‍ ക്ലിന്റണ്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു, നിങ്ങളെ ഓര്‍ക്കുന്നുവെന്നും അവരില്‍ പലരും പറഞഅഞു. പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ ഉയര്‍ത്തിയും ചിലര്‍ ദുഃഖം പ്രകടിപ്പിച്ചു. രാത്രി ന്യൂയോര്‍ക്കിന്റെ ആകാശത്തേക്ക് ഇരട്ട ലൈറ്റ് ബീമുകള്‍ പ്രവഹിക്കും. 

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചതിന് പിന്നാലെയാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അധിനിവേശം നടത്തിയത്. ഇരുപത് വര്‍ഷത്തിന് ശേഷം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യു എസ് പൂര്‍ണമായും അഫ്ഗാനില്‍ നിന്നും പിന്മാറിയത്. അതുകൊണ്ടുതന്നെ ഇരുപതാം വാര്‍ഷികാഘോഷത്തിന് പ്രത്യേകതകളുണ്ടായിരുന്നു. 

അമേരിക്കന്‍ പിന്മാറ്റത്തെ തുടര്‍ന്ന് താലിബാനാണ് നിലവില്‍ അഫ്ഗാനില്‍ ഭരണം നടത്തുന്നത്. അതേസമയം ഗ്വാണ്ടനാമോയില്‍ 9/11ന്റെ സൂത്രധാരന്‍ ഖാലിദ് ശൈഖ് മുഹമ്മദും മറ്റു നാലുപേരും കുറ്റം ചുമത്തപ്പെട്ട് ഒന്‍പത് വര്‍ഷത്തിന് ശേഷവും വിചാരണ കാത്തിരിക്കുകയാണ്. 

ഗ്രൗണ്ട് സീറോയില്‍ ഒരു 2753 പേരും പെന്റഗണില്‍ 184 പേരുമാണ് മരിച്ചത്. 

ഐക്യമാണ് ഏറ്റവും വലിയ ശക്തിയെന്നും സെപ്തംബര്‍ 11ലെ പാഠം അതാണെന്നും പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു.

Other News