ജോര്‍ജ് ഫ്‌ളോയിഡിന്റെ പേരില്‍ നിയമം പാസാക്കി യു എസ് ജനപ്രതിനിധി സഭ


MARCH 5, 2021, 5:10 AM IST

വാഷിംഗ്ടണ്‍: ജോര്‍ജ് ഫ്ളോയിഡ് ജസ്റ്റിസ് ഇന്‍ പൊലീസിങ്ങ് ആക്ട് പാസാക്കി. യു എസ് ജനപ്രതിനിധി സഭയിലാണ് നിയമം പാസായത്. പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിന്റെ പേരില്‍ പൊലീസ് നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനാണ് നിയമം നടപ്പാക്കുന്നത്. ബില്ലിനെ എതിര്‍ത്ത് രണ്ട് ഡെമോക്രാറ്റുകളും അനുകൂലിച്ച് ഒരു റിപ്പബ്ലിക്കനും വോട്ടു ചെയ്തു. ജാരദ് ഗോള്‍ഡന്‍, റോണ്‍ കിന്‍ഡ് എന്നീ ഡെമോക്രാറ്റുകള്‍ ബില്ലിനെ എതിര്‍ത്തപ്പോള്‍ റിപ്പബ്ലിക്കനായ ലാന്‍സ് ഗൂഡനാണ്  അനുകൂലമായി വോട്ട് ചെയ്തത്. എന്നാല്‍ താന്‍ തെറ്റായ ബട്ടണ്‍ അമര്‍ത്തിപ്പോയതാണെന്നാണ് വോട്ടെടുപ്പിന് പിന്നാലെ ഗുഡന്‍ ട്വീറ്റ് ചെയ്തത്. വോട്ട് പിന്‍വലിക്കണമെന്ന് സഭയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നടപടികളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള ബില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള യു എസ് ജനപ്രതിനിധി സഭയില്‍ കഴിഞ്ഞ വര്‍ഷം തന്നെ പാസായിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ബില്ലിനെ എതിര്‍ക്കുകയായിരുന്നു.ശ്വാസം മുട്ടിക്കുന്ന വിധത്തില്‍ ഒരാളുടെ കഴുത്തില്‍ ചുറ്റിപ്പിടിക്കുന്ന തരത്തിലുള്ള ചോക്ക് ഹോള്‍ഡുകളെ നിരോധിക്കുകയും വംശീയവും മതപരവുമായ വിദ്വേഷ പ്രവൃത്തിക്കളെ അവസാനിപ്പിക്കാനുമാണ് ജോര്‍ജ് ഫ്ളോയിഡ് നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന മോശം പ്രവണതകള്‍ കണ്ടെത്താനുള്ള ഡാറ്റാ ബേസ് സ്ഥാപിക്കുന്നതിനും  പൊലീസ് ഉദ്യോഗസ്ഥരെ സിവില്‍, ക്രിമിനല്‍ കോടതികളില്‍ എളുപ്പത്തില്‍ വിചാരണ ചെയ്യാനുമുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്.

Other News