ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഫ്ഗാനിസ്ഥാന്‍ കുടുംബത്തിന് യു എസ് നഷ്ടപരിഹാരം


OCTOBER 16, 2021, 7:45 PM IST

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ നിന്നും യു എസ് പിന്മാറ്റത്തിനിടെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കുമെന്ന് പെന്റഗണ്‍. യു എസിലേക്ക് താമസം മാറാനുള്ള കുടുംബാംഗങ്ങളുടെ ശ്രമങ്ങളെ പിന്തുണക്കുമെന്നും പെന്റഗണ്‍ അറിയിച്ചു. 

താലിബാന്‍ കാബൂള്‍ കീഴടക്കിയതിന് പിന്നാലെ അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്തേക്ക് രക്ഷപ്പെടാന്‍ തയ്യാറെടുത്ത കുടുംബമാണ് യു എസ് ഡ്രോണ്‍ ആക്രമണത്തില്‍കൊല്ലപ്പെട്ടത്. യു എസ് സൈന്യത്തിന് നേരെ ബോംബാക്രമണം നടത്തിയ ഐ എസ് ഭീകരരെ വധിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് കുടുംബത്തിലെ പത്തുപേര്‍ കൊല്ലപ്പെട്ടത്. അഫ്ഗാന്‍ പൗരന്മാര്‍ വീട്ടിനകത്തേക്ക് കയറ്റിയിടുകയായിരുന്ന കാറിനു നേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ മരിച്ചതില്‍ കൂടുതലും കുട്ടികളായിരുന്നു. ഐ എസ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നാണ് യു എസ് ആദ്യം പറഞ്ഞതെങ്കിലും ഒടുവില്‍ അഫ്ഗാനിസ്ഥാന്‍ പൗരന്മാരാണ് ഡ്രോണ്‍ ആക്രമണത്തിന് ഇരയായതെന്ന് യു എസ് സമ്മതിക്കുകയായിരുന്നു. 

കാബൂള്‍ വിമാനത്താവളത്തിന് പുറത്തു നടന്ന ചാവേര്‍ ആക്രമണത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് യു എസ് ഡ്രോണ്‍ ആക്രമണം നടത്തിയത്. യു എസ് മാനുഷിക സംഘടനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന എന്‍ജിനിയര്‍ സിമാരി അഹമ്മദിയും ഏഴു കുട്ടികളും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. 

സിമാരി അഹമ്മദി പ്രവര്‍ത്തിച്ചിരുന്ന ന്യൂട്രീഷന്‍ ആന്റ് എജുക്കേഷന്‍ ഇന്റര്‍നാഷണല്‍ എയ്ഡ് ഗ്രൂപ്പിന്റെ സ്ഥാപകനും പ്രസിഡന്റുമായ സ്റ്റീവന്‍ ക്വോണുമായി ഡിഫന്‍സ് ഫോര്‍ പോളിസി അണ്ടര്‍ സെക്രട്ടറി കോളിന്‍ കാഹ്ല്‍ സംസാരിച്ചതിന് പിന്നാലെയാണ് പെന്റഗണ്‍ ഇക്കാര്യം അറിയിച്ചത്. 

ന്യൂട്രീഷന്‍ ആന്റ് എജുക്കേഷന്‍ ഇന്റര്‍നാഷണല്‍ എയ്ഡിന്റെ ആദ്യത്തെ അഫ്ഗാനിസ്ഥാന്‍ ജീവനക്കാരില്‍ ഒരാളായിരുന്നു അഹമ്മദിയെന്നും മിടുക്കനായ എന്‍ജിനിയറും തങ്ങളുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ പ്രധാന ഭാഗമായിരുന്നെന്നും സ്റ്റീവന്‍ ക്വോണ്‍ പറഞ്ഞു. 

സിമാരി അഹമ്മദിക്കോ ജീവന്‍ നഷ്ടപ്പെട്ട മറ്റുള്ളവര്‍ക്കോ ജീവന്‍ കൊടുക്കാനാവില്ലെങ്കിലും വലിയ നഷ്ടങ്ങള്‍ക്കിടയിലും മുതിര്‍ന്ന പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത് വലിയ കാര്യമാണെന്നും അതിനെ അഭിനന്ദിക്കുന്നതായും ക്വോണ്‍ പ്രസ്താവനയില്‍ പറയുന്നു. സിമാരി അഹമ്മദിയുടെ ബാക്കിയുള്ള കുടുംബാംഗങ്ങളെ സുരക്ഷിതരാക്കാനും അവരുടെ ജീവിതം പുനര്‍നിര്‍മിക്കാനും സഹായിക്കാനും അടിയന്തിരമായി പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Other News