സെപ്തംബര്‍ 11 ഭീകരാക്രമണ അന്വേഷണ ആദ്യ രേഖ പുറത്തുവിട്ടു; സൗദിയില്‍ നിന്ന് മിസൈല്‍ പ്രതിരോധം നീക്കി യു എസ്


SEPTEMBER 13, 2021, 12:22 AM IST

വാഷിംഗ്ടണ്‍: സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ആദ്യരേഖ എഫ് ബി ഐ പുറത്തുവിട്ടു. നീതിന്യായ വകുപ്പിനോടും ബന്ധപ്പെട്ട ഏജന്‍സികളോടും ചില ഫയലുകള്‍ പരസ്യമാക്കാന്‍ നിര്‍ദ്ദേശിച്ച് പ്രസിഡന്റ് ബൈഡന്‍ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച് പത്ത് ദിവസത്തിനകമാണ് രേഖ പുറത്തുവിട്ടത്. ഭീകരാക്രമണം നടത്തിയ വിമതരെ പിന്തുണക്കുന്നതില്‍ സൗദി അറേബ്യന്‍ സര്‍ക്കാര്‍ വഹിച്ച പങ്കിനെ കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട 2016ലെ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. എന്നാല്‍ സൗദി സര്‍ക്കാര്‍ ധനസഹായം നല്കിയതിന് തെളിവുകളില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സെപ്തംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകള്‍ പരസ്യമാക്കാനുള്ള യു എസ് തീരുമാനം സൗദി അറേബ്യ സ്വാഗതം ചെയ്തിരുന്നു. ആക്രണത്തിലെ പ്രതികളെ സഹായിച്ചെന്ന വാദം തെറ്റാണെന്ന് തെളിയിക്കാന്‍ ഇതിനാകുമെന്നാണ് സൗദി അറേബ്യ പ്രസ്താവനയില്‍ പറഞ്ഞത്. സെപ്തംബര്‍ 11ലെ ഭീകരാക്രമണം നടത്തിയ 19ല്‍ 15 പേരും സൗദി പൗരന്മാരായിരുന്നു. രണ്ട് യാത്രാ വിമാനങ്ങളാണ് വേളഅ#ഡ് ട്രേഡ് സെന്ററിലേക്ക് ഇടിച്ചു കയറ്റിയത്. മൂന്നാമത്തേത് പെന്റഗണില്‍ തകര്‍ന്നു വീണു. വാഷിംഗ്ടണ്‍ ഡി സിയിലേക്ക് പറന്ന നാലാമത്തെ വിമാനം പെന്‍സില്‍വാനിയയിലെ ഒരു കൃഷിയിടത്തിലും പതിച്ചു. സൗദിയുടെ അടുത്ത സഖ്യരാജ്യങ്ങളിലൊന്നായ യു എസിനെതിരായ ആക്രമണത്തെ സൗദി തുടക്കം മുതല്‍ അപലപിച്ചിരുന്നു. അതിനിടെ സൗദി അറേബ്യയിലെ മിസൈല്‍ പ്രതിരോധം അമേരിക്ക പിന്‍വലിച്ചു. യമനിലെ ഹൂതി വിമതരില്‍ നിന്നും രാജ്യം തുടര്‍ച്ചയായ വ്യോമാക്രമണം നേരിട്ടുകൊണ്ടിരിക്കെയാണ് യു എസിന്റെ നൂതനമായ മിസൈല്‍ പ്രതിരോധ സംവിധാനവും പാട്രിയറ്റ് ബാറ്ററികളും സൗദിയില്‍ നിന്ന് നീക്കം ചെയ്തതായി ഉപഗ്രഹ ചിത്രങ്ങള്‍ വിലയിരുത്തി അസോസിയേറ്റഡ് പ്രസ്സാണ് വിവരം പുറത്തുവിട്ടത്. പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തില്‍ നിന്നും പ്രതിരോധ സേനയെ പിന്‍വലിക്കുന്നതും അഫ്ഗാനില്‍ നിന്നും സേന പിന്മാറുന്നതും സൗദി ആശങ്കയോടെയാണ് നോക്കിക്കണ്ടത്. അറേബ്യന്‍ ഉപദ്വീപിലുടനീളം ആയിരക്കണക്കിന് അമേരിക്കന്‍ സൈനികര്‍ ഇറാനെതിരായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ പിന്‍വലിക്കല്‍ നടത്തിയതോടെ യു എസിന്റെ പദ്ധതികളെ കുറിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ ആശങ്കയിലാണ്. മിസൈല്‍ പ്രതിരോധം ഉള്‍പ്പെടെ ആവശ്യമുള്ളതായി മനസ്സിലാക്കിയ രാജ്യങ്ങള്‍ ഏഷ്യയിലെ വളര്‍ന്നുവരുന്ന ഭീഷണിയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇറാന്റെ ആണവ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിച്ചിട്ടില്ലാത്തതിനാല്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതും ഏറ്റുമുട്ടലുകളുണ്ടാകുന്നതും ഭീഷണിയാണ്. സൗദിയുടെ കാഴ്ചപ്പാടില്‍ ഒബാമ, ട്രംപ്, ബൈഡന്‍ എന്നീ പ്രസിഡന്റുമാര്‍ പിന്മാറ്റ തീരുമാനങ്ങള്‍ എടുത്തുവെന്നാണ് കരുതുന്നത്. റിയാദില്‍ നിന്നും 115 കിലോമീറ്റര്‍ അകലെ തെക്കുകിഴക്കായാണ് പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. എണ്ണയുത്പാദന കേന്ദ്രത്തില്‍ നടന്ന 2019ലെ മിസൈല്‍- ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് യു എസ് സൈനികര്‍ ഇവിടെയുണ്ടായിരുന്നു. യമനിലെ ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതിനു പിന്നില്‍ ഇറാനുണ്ടെന്നാണ് വിദഗ്ധര്‍ സംശിക്കുന്നത്. ഇക്കാര്യം ടെഹ്‌റാന്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും സമാനമായ ഡ്രോണുകള്‍ ഇറാന്റെ കൈവശമുള്ളതായി ജനുവരിയില്‍ നടന്ന ഒരു അഭ്യാസ പ്രകടനത്തില്‍ പുറത്തുവന്നിട്ടുണ്ട്. എയര്‍ ബേസിന്റെ റണ്‍വേയുടെ തെക്കു പടിഞ്ഞാറായി ഒരു ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് അമേരിക്കന്‍ സേനയുടെ പാട്രിയറ്റ് മിസൈലുകളും ബാറ്ററികളും സ്ഥാപിച്ചിരുന്നത്. എന്നാല്‍ ആഗസ്ത് അവസാനത്തില്‍ ഒരു ഉപഗ്രഹ ചിത്രത്തില്‍ അവിടെ നിന്നും ചില ബാറ്ററികള്‍ നീക്കം ചെയ്തതായി കണ്ടെത്തിയിരുന്നു. എങ്കിലും പ്രവര്‍ത്തിക്കുന്നതായും വാഹനങ്ങളുള്ളതായും കണ്ടെത്തിയിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ചിത്രീകരിച്ച മിഴിവുള്ള ചിത്രത്തില്‍ പ്രവര്‍ത്തനങ്ങളില്ലാതെ സാറ്റലൈറ്റ് ബാറ്ററികളുടെ പാഡുകള്‍ ശൂന്യമായതായി കണ്ടെത്തിയിരുന്നു. മിസൈലുകള്‍ പുനര്‍വിന്യസിക്കുമെന്ന അഭ്യൂഹം മാസങ്ങളായി നിലനില്‍ക്കുന്നുണ്ടായിരുന്നു. ചില വ്യോമ പ്രതിരോധ ആസ്തികള്‍ പുനര്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും മിഡിലീസ്റ്റ് സഖ്യകക്ഷികളോട് വിശാലവും ആഴമേറിയതുമായ പ്രതിബദ്ധതയാണ് യു എസിനുള്ളതെന്നാണ് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചത്.

Other News