ഇറാനെതിരെ സംയുക്ത സൈനിക പരിശീലനത്തിന് യു എസും ഇസ്രായേലും


NOVEMBER 23, 2022, 7:49 PM IST

വാഷിംഗ്ടണ്‍: ഇറാനെതിരെ സംയുക്ത സൈനിക പരിശീലനത്തിന് യു എസും ഇസ്രായേലും തയ്യാറെടുക്കുന്നു. ഇറാനെതിരെ സൈനിക സഹകരണം വര്‍ധിപ്പിക്കുകയാണ് സംയുക്ത സൈനിക പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇരുരാജ്യങ്ങളിലേയും പ്രതിനിധികള്‍ വ്യക്തമാക്കി. 

ഇറാനിലും മിഡില്‍ഈസ്റ്റിലെ സഖ്യമേഖലകളിലും യു  എസും ഇസ്രായേലും ആക്രമണം നടത്തിയേക്കുമെന്ന ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. യുഎസ് മാധ്യമമായ ഫോക്‌സ്‌ന്യൂസ് ഡജിറ്റല്‍ ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഇറാനേയും മിഡില്‍ഈസ്റ്റിലെ സഖ്യരാജ്യങ്ങളേയും ലക്ഷ്യം വെച്ചാണ് യു എസും ഇസ്രായേലും സംയുക്ത വ്യോമസേന പ്രകടനം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ഇസ്രായേല്‍ ചീഫ് ഓഫ് സ്റ്റാഫ് അവീവ് കൊച്ചാവിയും യു എസ് ജോയന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ മാര്‍ക്ക് മില്ലിയുമാണ് ഇത് സംബന്ധിച്ച് അറിയിച്ചത്. നിര്‍ണായക കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. ഇറാനെതിരെ സൈനികമായും സഹകരണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഇറാന്റെ ഭീഷണികള്‍ക്കെതിരെ ഇസ്രായേലി സൈന്യം എല്ലാ പദ്ധതികളും ആവിഷ്‌ക്കരിക്കുകയാണ്. ഇറാന്‍ അതിന്റെ ആണവ പദ്ധതികള്‍ തുടരുകയാണെന്നും അവീവ് കൊച്ചാവി അഭിപ്രായപ്പെട്ടു.

മേഖലയില്‍ ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ക്കെതിരെ ഉഭയകക്ഷി സഹകരണം സംബന്ധിച്ചാണ് ഇരുരാജ്യങ്ങളിലേയും സൈനിക നേതാക്കള്‍ ചര്‍ച്ച ചെയ്തത്. കൂടാതെ ഇരു രാജ്യങ്ങളുടേയും തന്ത്രപ്രധാന താത്പര്യങ്ങളും പെന്റഗണില്‍ നടന്ന യോഗത്തില്‍ ചര്‍ച്ചയായി. മിഡില്‍ ഈസ്റ്റ് മേഖലയില്‍ സമാധാനത്തിനും സുരക്ഷയ്ക്കും സൈനിക പങ്കാളിത്തത്തിനും ശക്തമായ പിന്തുണയാണ് ഇരു രാജ്യങ്ങളും യോഗത്തില്‍ പ്രഖ്യാപിച്ചത്. യു എസിന്റെയും ഇസ്രായേലിന്റെയും തന്ത്രപ്രധാന താല്‍പര്യങ്ങള്‍ സംബന്ധിച്ചും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ച നടന്നു.

Other News