അമേരിക്കന്‍, റഷ്യന്‍ യുദ്ധക്കപ്പലുകളുടെ കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവായി


JUNE 7, 2019, 11:54 PM IST

വാഷിംഗ്ടണ്‍ ഡി സി: പശ്ചിമ പസഫിക് സമുദ്രത്തില്‍ അമേരിക്കന്‍, റഷ്യന്‍ പടക്കപ്പലുകള്‍ 50 മീറ്റര്‍ അടുത്തെത്തിയ സംഭവം ദുരന്തമാകാതെ ഒഴിവായി. ഇരു രാജ്യങ്ങളും സംഭവത്തില്‍ പരസ്പരം പഴി ചാരുകയാണ്. തങ്ങളുടെ യുദ്ധക്കപ്പലായ അഡ്മിറല്‍ വിനോഗ്രദോവിന് 50 മീറ്റര്‍ മുന്നിലൂടെ അമേരിക്കന്‍ പടക്കപ്പലായ യു.എസ്.എസ് ചാന്‍സലര്‍വില്‍ കടന്നു പോവുകയായിരുന്നുവെന്നും, കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തേണ്ടി വന്നുവെന്നും റഷ്യയുടെ പസഫിക് ഫ്‌ളീറ്റ് പറഞ്ഞു. 

എന്നാല്‍, റഷ്യന്‍ യുദ്ധക്കപ്പലാണ് സുരക്ഷിതമല്ലാത്ത നടപടി സ്വീകരിച്ചതെന്ന് അമേരിക്കയുടെ ഏഴാം കപ്പല്‍പടയുടെ കമാന്‍ഡര്‍ ക്ലെയ്റ്റണ്‍ ഡോസ് പറഞ്ഞു. റഷ്യന്‍ ആരോപണം പ്രചാരണത്തിനു വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അമേരിക്കന്‍ യുദ്ധക്കപ്പല്‍ പെട്ടെന്ന് ദിശ മാറ്റം നടത്തി മുന്നിലേക്കു വരികയായിരുന്നുവെന്ന് റഷ്യ കുറ്റപ്പെടുത്തി. ഇത്രയും വലിപ്പമുള്ള യുദ്ധക്കപ്പലുകള്‍ പരസ്പരം അടുത്തു വരുന്ന സാഹചര്യം ഒഴിവാക്കാന്‍ കഴിയാത്തത് അവിശ്വസനീയമാണെന്ന് സുരക്ഷാ വിദഗ്ധര്‍ പറയുന്നു. 


Other News