സൗദി അറാംകോയ്‌ക്കെതിരായ ഡ്രോണ്‍ ആക്രമണത്തിനുപിന്നില്‍ ഇറാനെന്ന് ഉറപ്പിച്ച് യുഎസ്


SEPTEMBER 18, 2019, 10:17 AM IST

അബുദാബി:  സൗദി അറേബ്യയിലെ എണ്ണപ്പാടത്തിനും സംസ്‌കരണശാലയ്ക്കും നേരെ ശനിയാഴ്ച നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍  ഇറാനാണെന്നു യുഎസ് സ്ഥിരീകരണം. തിങ്കളാഴ്ചതന്നെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ സൂചന നല്‍കിയിരുന്നു.

ചൊവ്വാഴ്ച യുഎസ് ഉദ്യോഗസ്ഥന്‍ കൂടുതല്‍ കൃത്യതയോടെ തെക്കുപടിഞ്ഞാറന്‍ ഇറാനില്‍നിന്നായിരുന്നു ആക്രമണമെന്നു സ്ഥിരീകരിച്ചതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിനു മറുപടി നല്‍കാന്‍ ശേഷിയുണ്ടെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും പ്രതികരിച്ചു.

ഇതേസമയം, ആരോപണംയുഎസ് സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമാണെന്നും ചര്‍ച്ചകള്‍ക്കില്ലെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി വ്യക്തമാക്കി. ഇറാന്‍ ആണവകരാര്‍ അംഗീകരിക്കാന്‍ യുഎസ് വീണ്ടും തയാറായാല്‍ മാത്രമേ ചര്‍ച്ചകള്‍ക്കു സാധ്യതയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും സൗദിക്കു വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും പറഞ്ഞ ട്രംപ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയെ റിയാദിലേക്ക് അയച്ചു.

കൂട്ടായ ശ്രമങ്ങളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്നാണു ബ്രിട്ടനും ജര്‍മനിയും ഉള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാട്.

അതേ സമയം ആക്രമണം എണ്ണ ഉത്പാദനത്തെ ബാധിച്ചതിനെ തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ എണ്ണ വില വര്‍ധന തുടരുകയാണ്. കേടുപാടു സംഭവിച്ച ശുദ്ധീകരണ ശാലകള്‍ പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സൗദി. പ്രതിദിന ഉത്പാദനത്തിന്റെ പകുതിയോളം പുനസ്ഥാപിക്കുവാന്‍ കഴിഞ്ഞതായി സൗദി ഊര്‍ജ്ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ രാജകുമാരന്‍ അറിയിച്ചു.

Other News