സാമുഹിക നിയന്ത്രണം നേരത്തെയാക്കിയിരുന്നെങ്കില്‍ യു.എസില്‍ കോവിഡ് മരണം കുറയ്ക്കാമായിരുന്നു


MAY 22, 2020, 8:28 AM IST

വാഷിങ്ടണ്‍: ആളകലം ഉള്‍പ്പെടെ സാമുഹിക നിയന്ത്രണങ്ങള്‍ ഒരാഴ്ചയെങ്കിലും നേരത്തെയാക്കിയിരുന്നെങ്കില്‍ അമേരിക്കയില്‍ മരണസംഖ്യയും രോഗബാധയും കുറയ്ക്കാനാകുമായിരുന്നെന്ന് പഠനം. കൊളംബിയ സര്‍വകലാശാലയുടേതാണ് പഠനഫലം. 

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 15നാണ് രാജ്യത്ത് സാമുഹിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് എട്ടിന് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നെങ്കില്‍ 36,000 മരണമെങ്കിലും കുറയ്ക്കാനാകുമായിരുന്നു. ഏഴു ലക്ഷം ആളുകളെ രോഗബാധയില്‍നിന്നും തടയാനാകുമായിരുന്നെന്നും പഠനം നിരീക്ഷിക്കുന്നു. രോഗ വ്യാപനം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ രണ്ടാഴ്ച നേരത്തെയാക്കിയിരുന്നെങ്കില്‍ 54,000 പേരുടെയെങ്കിലും ജീവന്‍ രക്ഷിക്കാമായിരുന്നു. 10 ലക്ഷം പേരെ രോഗബാധയില്‍നിന്ന് തടയാനാകുമായിരുന്നെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കോവിഡിനെ സമയബന്ധിതമായി പ്രതിരോധിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതാണ് കൊളംബിയ സര്‍വകലാശാലയുടെ പഠനഫലം.  യു.എസില്‍ ഇതുവരെ 16.20 ലക്ഷം ആളുകള്‍ക്കാണ് രോഗം ബാധിച്ചത്. 96,354 പേരാണ് രോഗബാധിതരായി മരിച്ചത്.

ഓരോ കൗണ്ടിയില്‍നിന്നും സ്വീകരിച്ച കോവിഡ് ബാധയുടെ വിവരങ്ങളില്‍ രോഗവ്യാപനത്തിന്റെ വിവിധ മാതൃകങ്ങള്‍ പരീക്ഷിച്ചാണ് ഗവേഷകര്‍ പുതിയ നിരീക്ഷണത്തിലെത്തിയത്. സംസ്ഥാനങ്ങള്‍ ആളകലം ഉള്‍പ്പെടെ സാമുഹിക നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കിയ മാര്‍ച്ച് 15 മുതല്‍ മെയ് മൂന്ന് വരെയുള്ള കാലയളവിലെ വിവരങ്ങളാണ് സര്‍വകലാശാല ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്.

Other News