ക്യാന്‍സര്‍:കേരളത്തെ സഹായിക്കാൻ അമേരിക്കന്‍ ജനിതക ഗവേഷണ കേന്ദ്രം


SEPTEMBER 10, 2019, 10:55 PM IST

സാൻഡിയേഗോ: ക്യാന്‍സർ സംബന്ധിച്ചും ജനിതകപരമായ  രോഗങ്ങളെ കുറിച്ചും കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ കേരളത്തെ സഹായിക്കാമെന്ന് അമേരിക്കന്‍ ജനിതക ഗവേഷണ കേന്ദ്രം. തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്‌നോളജിയുമായി സഹകരിച്ചു ഗവേഷണം നടത്താനും ആധുനിക രോഗ നിര്‍ണയ സംവിധാനങ്ങള്‍ ലഭ്യമാക്കാനും കാലിഫോര്‍ണിയ സാന്‍ഡിയേഗോയിലെ 'ഇല്യൂമിന' എന്ന ഗവേഷണ സ്ഥാപനമാണ് മുന്നോട്ട് വന്നത്. 

ജനിതക പരിശോധനയിലൂടെ ക്യാന്‍സറും ഓട്ടിസം ഉള്‍പ്പെടെ  ജനിതക രോഗങ്ങളും മുന്‍കൂട്ടി നിര്‍ണ്ണയിക്കുന്ന ലോകത്തിലെ മുന്‍നിര സ്ഥാപനമാണ് ഇല്യൂമിന.

ചൈനയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ക്യാന്‍സറും  ജനിതക രോഗങ്ങളും പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട രോഗങ്ങളും  കണ്ടുപിടിക്കുന്നതിനും വിദഗ്‌ധ ചികിത്സ സംബന്ധിച്ച ആവശ്യങ്ങള്‍ക്കും ഇല്യൂമിനയുടെ  സേവനം ഉപയോഗിച്ചുക്കുന്നുണ്ട്. ശരീരത്തിലെ ഡി.എന്‍.എയും യും ആര്‍.എന്‍.എയും പരിശോധിച്ചു രോഗ വിവരം മുന്‍കൂട്ടി അറിയുവാനുള്ള സാങ്കേതികവിദ്യയിലൂടെ  ആധുനിക ചികിത്സ രംഗത്ത് പ്രത്യേകിച്ചും പ്രീസിഷന്‍ മെഡിസിന്‍ സാങ്കേതിക വിദ്യയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഗവേഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് ഇല്യൂമിന. 

ഓരോ വ്യക്തിയുടെയും ആരോഗ്യവും ശരീരഘടനയും അനുസരിച്ചു ആ വ്യക്തിക്ക് വേണ്ടിയുള്ള ഔഷധം തയ്യാറാക്കുക എന്നാതാണ് പ്രീസിഷന്‍ മെഡിസിന്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം. മുന്‍ മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍ ഇല്യൂമിന ക്ലിനിക്കല്‍ ജീനോമിക്‌സ് ഡിപ്പാര്‍ട്ട്മെന്റ് വൈസ് പ്രസിഡന്റ് റയാന്‍ ടാഫ്റ്റു മായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് കേരളത്തെ ക്യാന്‍സര്‍ ഗവേഷണത്തിന് സഹായിക്കുവാനുള്ള സന്നദ്ധത അറിയിച്ചത്.

കേരളത്തില്‍ ക്യാന്‍സര്‍ വർധിക്കുന്നത് സംബന്ധിച്ച് കുമ്മനം വിശദീകരിച്ചു. ഇല്യൂമിനയുമായി സഹകരിക്കാന്‍ താൽപര്യം അറിയിച്ചുകൊണ്ടുള്ള രാജീവ് ഗാന്ധി ബയോ ടെക്‌നോളജിയുടെ കത്ത് കുമ്മനം കൈമാറി.ക്യാന്‍സറും പാരമ്പര്യരോഗങ്ങളും നിര്‍ണയിക്കാന്‍ നടത്തിവരുന്ന ഗവേഷണങ്ങളെയും അതുമായി ബന്ധപ്പെട്ടു നടത്തുന്ന പോപുലേഷന്‍ ജീനോമിക്‌സ്‌നെ കുറിച്ചും റയാന്‍ ടഫ്റ്റ് വിശദീകരിച്ചു.

കാലിഫോര്‍ണിയയിലെ സാന്‍ഡിയേഗോയിലെ ഇല്യൂമിന ആസ്ഥാനത്തെത്തിയ കുമ്മനം ഗവേഷണ സംവിധാനങ്ങള്‍ നോക്കിക്കണ്ടു. തുടര്‍ന്നാണ് മേധാവികളുമായി ചര്‍ച്ച നടത്തിയത്. ഗവേഷണ രംഗത്തു കൈകോര്‍ക്കുമെന്ന സന്നദ്ധത കേരളത്തിന് ആശ്വാസമാണെന്ന് കുമ്മനം പറഞ്ഞു. ഗ്ലോബല്‍ ഓണ്‍കോളജി മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റിലെ സാന്ദ്ര ബല്ലാര്‍സസ്, പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ജെന്‍ കരോള്‍, സപ്ലൈ ചെയിന്‍ ഡിപ്പാര്‍ട്‌മെന്റിലെ സീനിയര്‍ മാനേജര്‍ ശ്യാം ശങ്കര്‍, ജനിതക വിഭാഗം ഗവേഷക അനിത പൊറ്റെക്കാട് മാധ്യമപ്രവര്‍ത്തകന്‍ പി. ശ്രീകുമാര്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. 

റയാന്‍ ടഫ്റ്റ് നിര്‍ദ്ദേശിച്ചതനുസരിച്ചു ഇല്യൂമിന ഏഷ്യ പസഫിക് കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഗ്രെറ്റച്ചല്‍ വൈറ്റുമാനുമായി കുമ്മനം അടുത്തയാഴ്‌ച ഓസ്‌ട്രേലിയയിൽ കൂടിക്കാഴ്‌ച  നടത്തും.

Other News