അമേരിക്ക തിന്മയുടെ രാഷ്ട്രമെന്ന് ഫ്ലോറിഡ നേവല്‍ എയര്‍ സ്റ്റേഷനില്‍ വെടിവെപ്പു നടത്തിയ സൗദി സൈനികന്‍


DECEMBER 8, 2019, 4:37 PM IST

മയാമി (ഫ്ളോറിഡ): അമേരിക്ക തിന്മയുടെ രാഷ്ട്രമെന്ന് ഫ്ലോറിഡ നേവല്‍ എയര്‍ സ്റ്റേഷനില്‍ വെടിവെപ്പു നടത്തിയ സൗദി സൈനികന്‍. വെടിവെപ്പിനുമുമ്പ് ട്വിറ്ററിലാണ് ഇയാള്‍ അമേരിക്കയെ കുറ്റപ്പെടുത്തുന്ന കുറിപ്പ് എഴുതിയത്.  പോലീസ് വെടിവെച്ച് കൊല്ലുന്നതിനുമുമ്പ് ഇയാള്‍ മൂന്നു പേരെ കൊലപ്പെടുത്തിയിരുന്നു.

ജിഹാദി മാധ്യമങ്ങളെ നിരീക്ഷിക്കുന്ന 'ദ സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ്' (The SITE Intelligence Group)  അക്രമി മുഹമ്മദ് അല്‍ഷമ്രാനിയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. 'ഞാന്‍ തിന്മയ്ക്കെതിരാണ്, അമേരിക്ക മൊത്തത്തില്‍ ഒരു തിന്മയുടെ രാജ്യമായി മാറിയിരിക്കുന്നു'  എന്നാണ് ട്വിറ്ററില്‍ അയാളുടെ കുറിപ്പ്.

ഈ പോസ്റ്റ് വെടിവെച്ച ആളുടെ തന്നെയാണോ എന്ന് ഉറപ്പിക്കാനുള്ള അന്വേഷണം നടക്കുകയാണെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

അക്കൗണ്ട് ഇതിനോടകം ട്വിറ്റര്‍ അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.വെടിവയ്പിനെത്തുടര്‍ന്ന് ആറ് സൗദികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ മൂന്നുപേര്‍ മുഴുവന്‍ ആക്രമണവും ചിത്രീകരിച്ചതായി ന്യൂയോര്‍ക്ക് ടെംസ് റിപ്പോര്‍ട്ട് ചെയ്തു.പ്രാദേശികമായി വാങ്ങിയ വിപുലീകൃത വെടിയുണ്ടകളുള്ള ഗ്ലോക്ക് 9 എംഎം ഹാന്‍ഡ് ഗണ്‍ ഉപയോഗിച്ചാണ് തോക്കുധാരി ആക്രമണം നടത്തിയതെന്നും ഇയാളുടെ കൈവശം ധാരാളം വെടിയുണ്ടകളും ഉണ്ടായിരുന്നതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.അതിനിടെ വെടിവെയ്പ്പിനെ സൗദി രാജാവ് അപലപിച്ചു. യു.എസ് നാവിക താവളത്തില്‍ ഉണ്ടായ വെടിവയ്പ്പ് ഭയാനകമാണെന്ന് സല്‍മാന്‍ രാജാവ് പ്രസിഡന്റ് ട്രംപിനെ ഫോണിലൂടെ അറിയിച്ചു. സംഭവത്തില്‍ അതീവ ദു:ഖമുണ്ടെന്നും യുഎസിന്റെ അന്വേഷണവുമായി സൗദി പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം ട്രംപിനെ അറിയിച്ചു.

Other News