യു.എസ് വിമാനവാഹിനി കപ്പലില്‍നിന്നും നാവികരെ പുറത്തെത്തിച്ചു


APRIL 2, 2020, 11:16 AM IST

വാഷിങ്ടണ്‍: കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത യു.എസ് നേവിയുടെ വിമാനവാഹിനി കപ്പലില്‍നിന്നും നാവികരെ പുറത്തെത്തിച്ചു. ഗുവാമില്‍ നങ്കൂരമിട്ടിരിക്കുന്ന യു.എസ്.എസ് തിയോഡര്‍ റൂസ്‌വെല്‍റ്റ് കപ്പലില്‍നിന്നുള്ളവരെയാണ് നിരീക്ഷണത്തിനായി പസിഫിക് ദ്വീപിലെ ഹോട്ടല്‍ മുറികളിലേക്ക് മാറ്റിയത്. ജീവനക്കാരും നാവികരും ഉള്‍പ്പെടെ 4800ല്‍ അധികംപേരുള്ള കപ്പലില്‍ 92 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് കോവിഡ് വ്യാപനത്തില്‍നിന്ന് നാവികരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നേവി അധികൃതര്‍ക്ക് കപ്പലിലെ ക്യാപ്റ്റന്‍ ബ്രെറ്റ് ക്രോസിയര്‍ കഴിഞ്ഞദിവസം കത്തയച്ചിരുന്നു. 

കപ്പലിലെ നാവികരെ ഉള്‍ക്കൊള്ളാനാവുന്ന ആശുപത്രികള്‍ ഇല്ലാത്തതിനാല്‍ ഹോട്ടല്‍ മുറികള്‍ സജ്ജമാക്കിയാണ് ഇവരെ മാറ്റിയിരിക്കുന്നതെന്ന് പെന്റഗണ്‍ അറിയിച്ചു. രോഗബാധയോ ലക്ഷണങ്ങളോ ഇല്ലാത്ത ഏതാനും പേരെ കപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഒരാഴ്ച മുമ്പ് പസിഫിക് സമുദ്രത്തിലായിരിക്കുമ്പോഴാണ് നേവി കപ്പലില്‍ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് പടിഞ്ഞാറന്‍ പസിഫിക്കിലെ ഗുവാം തീരത്ത് കപ്പല്‍ അടുപ്പിച്ചു. എന്നാല്‍ നാവികരെ പുറത്തേക്കു വിട്ടില്ല. തുടര്‍ന്നാണ് കൂടുതല്‍ നാവികര്‍ക്കു വൈറസ് ബാധിക്കുന്ന സാഹര്യമാണുള്ളതെന്നു ചൂണ്ടിക്കാട്ടി ക്യാപ്റ്റന്‍ ബ്രെറ്റ് ക്രോസിയര്‍ കത്തയച്ചത്. കപ്പലില്‍ ക്വാറന്റൈനോ ഐസൊലേഷനോ മതിയായ സൗകര്യങ്ങളില്ല. കപ്പല്‍ ജീവനക്കാര്‍ക്കൊപ്പം നേവി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 4000 പേരെ ഉടന്‍ ഐസോലേഷനിലേക്കു മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

എന്നാല്‍, നാവികരെ ഗുവാമിലെ ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമിച്ചിരുന്നെങ്കിലും ആവശ്യത്തിനുള്ള കിടക്കകള്‍ ഇല്ലാത്തത് തിരിച്ചടിയായി. കപ്പലില്‍ ആയുധങ്ങളും വിമാനങ്ങളുമുള്ളതിനാല്‍ ചില നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിനാലും കാലതാമസം നേരിടുകയായിരുന്നു. 

Other News