നിബന്ധനകളോടെ എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് അമേരിക്ക


AUGUST 13, 2020, 8:17 AM IST

വാഷിംഗ്ടണ്‍: നിബന്ധനകളോടെ എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് അമേരിക്ക. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളൂവെന്ന നിബന്ധന വച്ചുകൊണ്ടാണ് ഇളവ്.

ഇവരുടെ കുടുംബങ്ങള്‍ക്കും അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ പുതിയ ഇളവ് പ്രകാരം കഴിയും. 'വിസ നിരോധനം നിലവില്‍ വരുന്നതിന് മുമ്പ് ചെയ്തുകൊണ്ടിരുന്ന ജോലിയില്‍, അതേ തസ്തികയില്‍ തിരികെ പ്രവേശിക്കുന്നതിന് ' തടസമില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.

എച്ച്-1ബി വിസ കൈവശമുള്ള സാങ്കേതിക വിദഗ്ദ്ധര്‍, സീനിയര്‍ ലെവല്‍ മാനേജര്‍മാര്‍ തുടങ്ങിയ ജോലിക്കാര്‍ക്കും തിരികെ വരാം. എന്നാല്‍ കൊവിഡ് ആഘാതത്തില്‍ നിന്ന് തിരിച്ചുവരാനുള്ള അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമെന്നുള്ളവരായിരിക്കണം ഇവര്‍.

പുതിയതായി എച്ച്-1ബി വിസ അനുവദിക്കുന്നത് ഈ വര്‍ഷം അവസാനം വരെ നിറുത്തിവച്ച് ജൂണ്‍ 22ന് ട്രംപ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു. മാത്രമല്ല പല മേഖലകളിലും നിലവിലുള്ള എച്ച്-1ബി വിസക്കാരെ ജോലിക്ക് പ്രവേശിപ്പിക്കുന്നതിലും വിലക്ക് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഇളവുകള്‍ വന്നിരിക്കുന്നത്.

Other News