ഒന്നരപ്പതിറ്റാണ്ടിനു ശേഷം ആദ്യമായി വധശിക്ഷ നടപ്പാക്കാൻ അമേരിക്ക;പ്രതിഷേധം ശക്തം 


JULY 27, 2019, 1:13 AM IST

വാഷിംഗ്‌ടൺ:16 വര്‍ഷത്തിനുശേഷം അമേരിക്ക വീണ്ടും വധശിക്ഷ നടപ്പാക്കുന്നു.കൊലപാതകവും ബലാല്‍സംഗവും ഉള്‍പ്പടെ കേസുകളില്‍ കുറ്റക്കാരായവരുടെ വധശിക്ഷ നടപ്പാക്കാനാണ് ഭരണകൂടം ഉത്തരവിട്ടത്.അതേസമയം,നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി.

അവകാശ സംരക്ഷണ പ്രസ്ഥാനങ്ങളും ഡെമോക്രാറ്റ് നേതാക്കളുമാണ് വധശിക്ഷ അസാധുവാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

2003ല്‍ 19 വയസുകാരനായ സൈനികന്‍ ട്രേസി മക്‌ബ്രൈഡിനെ കൊലപ്പെടുത്തിയ കേസിലാണ് ഇതിനു മുന്‍പ് രാജ്യത്ത് വധശിക്ഷ നടപ്പാക്കിയത്.

നിലവില്‍ അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കാനാണ് അമേരിക്കന്‍ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. 2019 ഡിസംബറിലും 2020 ജനുവരിയിലുമായി ശിക്ഷ നടപ്പാക്കാനാണ് ബ്യൂറോ ഓഫ് പ്രിസണിന് അറ്റോര്‍ണി ജനറല്‍ വില്യം ബാറിന്റെ നിര്‍ദ്ദേശം.

1988 മുതല്‍ 2018 വരെ രാജ്യത്ത് 78 പേരെ വധശിക്ഷക്ക് വിധിച്ചിട്ടുണ്ട്.ഇവരില്‍ മൂന്ന് പേരുടെ മാത്രം വധശിക്ഷയാണ് ഇതുവരെ നടപ്പാക്കിയതെന്ന്  ഡെത്ത് പെനാല്‍റ്റി ഇന്‍ഫര്‍മേഷന്‍ കേന്ദ്രം വ്യക്തമാക്കുന്നു.

രാജ്യത്ത് വധശിക്ഷ സംബന്ധിച്ച നിയമങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്‌തമാണ്. വധശിക്ഷാരീതികളും വെവ്വേറെ.വിഷം കുത്തിവച്ചു കൊല്ലുന്ന രീതിയാണ് പല സംസ്ഥാനങ്ങളിലും.വൈദ്യുതിക്കസേരയിലിരുത്തി ഷോക്കടിപ്പിച്ച് കൊല്ലുന്ന രീതിയുമുണ്ട്. 

Other News