തുര്‍ക്കിയ്‌ക്കെതിരായ യു.എസ് ഉപരോധം പ്രാബല്യത്തില്‍


OCTOBER 15, 2019, 4:15 PM IST

വാഷിങ്ടണ്‍: സിറിയയില്‍ അക്രമം അഴിച്ചുവിട്ട തുര്‍ക്കിയ്‌ക്കെതിരെ യു.എസ് ഉപരോധമേര്‍പ്പെടുത്തി.ഇത് സംബന്ധിച്ച എക്‌സിക്യുട്ടീവ് ഓര്‍ഡറില്‍ ട്രമ്പ് ഒപ്പുവച്ചു. തുര്‍ക്കിയുടെ സമ്പദ് വ്യവസ്ഥയെ എത്രയും പെട്ടെന്ന് തകര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉപരോധമേര്‍പ്പെടുത്തിയതിനുശേഷം ട്രമ്പ് പ്രതികരിച്ചു.തുര്‍ക്കിയില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ചും 100 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചുമാണ് ട്രമ്പ് ഉപരോധം പ്രാബല്യത്തിലാക്കിയത്. 

തുര്‍ക്കിഷ് പ്രതിരോധ മന്ത്രി ഹുലുസി അക്കര്‍,ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്‌ലു, ഊര്‍ജ്ജവകുപ്പ് മന്ത്രി ഫത്തിഹ് ഡോണ്‍മസ് എന്നിവരെ ഉപരോധമേര്‍പ്പെടുത്തിയവരുടെ ലിസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. തുര്‍ക്കിയുമായുള്ള പ്രശ്‌നം അടിയന്തരപ്രാധാന്യമുള്ളതാണെന്ന് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിന് അയച്ച കത്തില്‍ ട്രമ്പ് പറയുന്നു.മനുഷ്യാവകാശ,വെടിനിര്‍ത്തല്‍ ലംഘനങ്ങളും സിറിയയിലേയ്ക്ക് തിരിച്ചുവരുന്നവരെ തടയുന്നതരത്തിലുള്ള നടപടികളും കൂടുതല്‍ ഉപരോധങ്ങള്‍ക്ക് വഴിതെളിക്കുമെന്നും എക്‌സിക്യുട്ടീവ് ഓര്‍ഡര്‍ മുന്നറിയിപ്പ് നല്‍കുന്നു.അക്രമത്തിന് കാരണക്കാരായ തുര്‍ക്കിഷ് സ്ഥാപനങ്ങള്‍, വ്യക്തികള്‍,ഭരണഘടന സ്ഥാപനങ്ങള്‍ എന്നിവരിലേയ്ക്ക് ഉപരോധം വ്യാപിപ്പിക്കാന്‍ പ്രവിശ്യകളേയും ട്രഷറിറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

യു.എസ് സേന പിന്മാറിയയുടന്‍ വടക്കന്‍ സിറിയയില്‍ അക്രമം അഴിച്ചുവിട്ട തുര്‍ക്കി നടപടി യു.എസിനെ പ്രകോപിതരാക്കിയിരുന്നു. തുര്‍ക്കിയുടെ നടപടി സാധാരണപൗരന്മാര്‍ക്കുള്ള അക്രമമാണെന്നും പ്രദേശത്തിന്റെ സുരക്ഷയും സുസ്ഥിരതയും തകര്‍ക്കുന്നതാണെന്നും ട്രമ്പ് പ്രതികരിക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹം ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ളത്.

Other News