ഇന്ത്യക്കെതിരായ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എസ്


SEPTEMBER 19, 2023, 2:57 PM IST

വാഷിംഗ്ടണ്‍: ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് യു എസ്.

വിഷയവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് അഡ്രിയന്‍ വാട്സന്റെ പ്രസ്താവനയിലൂടെയാണ് യു എസ് ആശങ്ക പ്രകടിപ്പിച്ചത്.  

'കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോയുടെ ആരോപണങ്ങളില്‍ ഞങ്ങള്‍ക്ക് അഗാധമായ ആശങ്കയുണ്ട്. ഞങ്ങളുടെ കനേഡിയന്‍ പങ്കാളികളുമായി ഞങ്ങള്‍ പതിവായി സമ്പര്‍ക്കം പുലര്‍ത്തുന്നു. കാനഡയുടെ അന്വേഷണം പുരോഗമിക്കുന്നതും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതും നിര്‍ണായകമാണ്' - പ്രസ്താവനയില്‍ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൗസ് ഓഫ് കോമണ്‍സിലില്‍ ട്രൂഡോ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

'ഇന്ത്യ ഗവണ്‍മെന്റിന്റെ ഏജന്റുമാരും കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിശ്വസനീയമായ ആരോപണങ്ങള്‍ കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കും.'- ട്രൂഡോ പറഞ്ഞു.

അതേസമയം നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് സംബന്ധിച്ച കനേഡിയന്‍ സര്‍ക്കാരിന്റെ ആരോപണം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി തള്ളി. ഈ ആരോപണങ്ങളെ അസംബന്ധമെന്ന് വിശേഷിപ്പിച്ച സര്‍ക്കാര്‍, നിയമവാഴ്ചയോട് ഇന്ത്യയ്ക്ക് ശക്തമായ പ്രതിബദ്ധതയാണുള്ളതെന്നും വ്യക്തമാക്കി.

Other News