ക്രിസ്തുമസ് പരേഡിലേക്ക് വാഹനം ഇടിച്ചു കയറ്റി; അഞ്ചു പേര്‍ മരിച്ചു: 40 പേര്‍ക്ക് പരിക്ക്


NOVEMBER 23, 2021, 12:01 AM IST

വിസ്‌കോണ്‍സിന്‍: ക്രിസ്തുമസ് പരേഡിന് ഇടയിലേക്ക് വാഹനം ഇടിച്ച് കയറ്റിയ സംഭവത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. പ്രാദേശിക സമയം ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. 

പരിക്കേറ്റ 18 കുട്ടികളില്‍ പത്തുപേരെ ചില്‍ഡ്രന്‍സ് വിസ്‌കോണ്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആറ് കുട്ടികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

അപകടത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചവരില്‍ മൂന്നുപേര്‍ ഗുരുതരാവസ്ഥയിലാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ എട്ടുപേരുടെ നില മെച്ചപ്പെട്ടു. ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ടുപേര്‍ ആശുപത്രിയി്ല്‍ നിന്നും വിടുതല്‍ നേടി. 

മൂന്നു മുതല്‍ 16 വയസ്സുവരെ പ്രായമുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ പലരും ബന്ധുക്കളാണ്. തലക്ക് ഗുരുതരമായി പരിക്കേറ്റവും എല്ലുപൊട്ടിയവരും ഉള്‍പ്പെടെ ആശുപത്രിയിലുണ്ട്. ഞായറാഴ്ച രാത്രി തന്നെ ആറ് കുട്ടികളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. രണ്ടുപേരെ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തും. 

എസ് യു വി വിഭാഗത്തില്‍പ്പെടുന്ന വാഹനമാണ് ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയത്. സംഭവത്തിനിടയാക്കിയ വാഹനവും ഒരാളെയും പൊലിസ് കസ്റ്റഡിയിലെടുത്തു. എഫ് ബി ഐയുടെ സഹായത്തോടെയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

അപകടത്തിന് ഇടയാക്കിയ കാര്‍ തടയുന്നതിനായി പൊലീസ് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

യു എസില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന പരമ്പരാഗതമായി ചടങ്ങാണ് ക്രിസ്മഡ് പരേഡ്. ഇതിനിടയിലേക്കാണ് അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നെന്നു പൊലീസ് വ്യക്തമാക്കി. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

സഭവത്തിന് തീവ്രവാദവും ഭീകരവാദവും വര്‍ണ്ണവിവേചനവും ഉള്‍പ്പെടെയുള്ളവയുമായി ബന്ധമില്ലെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

Other News