വിര്‍ജീനിയ നിയമസഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക്


NOVEMBER 8, 2019, 3:04 PM IST

വിര്‍ജീനിയയിലെ ജനറല്‍ അസംബ്ലിയുടെ നിയന്ത്രണം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ലഭിച്ചു.

1994നു ശേഷം ഇതാദ്യമായാണ് സംസ്ഥാന ഗവണ്മെന്റിന്റെ സമ്പൂര്‍ണ്ണമായ നിയന്ത്രണം പാര്‍ട്ടിക്ക് ലഭിക്കുന്നത്.സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള മൂന്നു മേഖലകളായ ഹാംപ്ടണ്‍ റോഡ്സ്, റിച്ച്മണ്ട്, അതിന്റെ  പ്രാന്ത  പ്രദേശങ്ങള്‍, വാഷിങ്ങ്ടണ്‍ പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികള്‍ നിലവിലുള്ള റിപ്പബ്ലിക്കന്മാരെയും  നോമിനികളെയും പരാജയപ്പെടുത്തി.ആദ്യ ഫലപ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ത്തന്നെ സംസ്ഥാനത്തെ 40 അംഗ സെനറ്റില്‍ 21 സീറ്റുകളും 100 അംഗ സഭയില്‍ 51 സീറ്റുകളും ഡെമോക്രാറ്റുകള്‍ നേടി.

ഡെമോക്രാറ്റുകള്‍ വലിയ വിജയം നേടുമെന്നാണിത് സൂചിപ്പിക്കുന്നത്.  തെരഞ്ഞെടുപ്പിനു മുമ്പ് സെനറ്റിലും ഹൗസിലും റിപ്പബ്ലിക്കന്മാര്‍ക്ക് നേരിയ ഭൂരിപക്ഷമുണ്ടായിരുന്നു. ഇരുപക്ഷത്തേക്കും ചാഞ്ചാട്ട സ്വഭാവം കാണിക്കുന്ന  ഒരു സംസ്ഥാനമായാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പു വരെയും വിര്‍ജീനിയ കണക്കാക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട മൂന്നു  അധികാര സ്ഥാപനങ്ങളും ഡെമോക്രാറ്റുകളുടെ നിയന്ത്രണത്തിലായി. സംസ്ഥാന ജനറല്‍ അസംബ്ളിയുടെ ഇരുസഭകളിലും ഭൂരിപക്ഷം നേടിയതിനു പുറമെ യുഎസ് സെനറ്റിലേക്കുള്ള രണ്ടു സീറ്റുകളും ഡെമോക്രാറ്റുകളുടേതാണ്.

യുഎസ് ഹൌസ് ഓഫ് റെപ്രെസെന്ററ്റീവ്സിലെക്ക് വിര്‍ജിനിയായിലുള്ള  11  സീറ്റുകളില്‍ ഏഴും ഡെമോക്രറ്റുകളുടെ നിയന്ത്രണത്തിലാണ്.2017ലെ തരംഗത്തില്‍ ഡെമോക്രറ്റുകള്‍ വിജയിച്ച 15 സീറ്റുകളില്‍ ചിലതെങ്കിലും തിരിച്ചു പിടിച്ച് ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയുമെന്നയിരുന്നു റിപ്പബ്ലിക്കന്മാരുടെ പ്രതീക്ഷ.

എന്നാല്‍ 2017 ല്‍ വിജയിച്ച ഡെമോക്രാറ്റുകളെല്ലാം വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണുണ്ടായത്.സംസ്ഥാന സെനറ്റില്‍ നേടിയ വിജയത്തിലൂടെ 2020ലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിലേക്കുള്ള ഡിസ്ട്രിക്ടുകള്‍ പുനര്‍നിര്‍ണ്ണയിക്കപ്പെടുമ്പോഴും അധികാരത്തിന്റെ ഒരു സ്ഥാപനമെങ്കിലും സ്വന്തം നിയന്ത്രണത്തില്‍ത്തന്നെയാകുമെന്നു ഡെമോക്രറ്റുകള്‍  ഉറപ്പാക്കിക്കഴിഞ്ഞു.

  ഡിസ്ട്രിക്ടുകളുടെ പുനര്‍നിര്‍ണ്ണയ പ്രക്രിയയിലുടനീളം സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സെനറ്റര്‍മാര്‍ തുടരും.രാജ്യത്തുടനീളമുള്ള നാഗരപ്രാന്ത ജില്ലകളില്‍ കണ്ണ് വെച്ചിട്ടുള്ള റിപ്പബ്ലിക്കന്മാരെ വളരെ ആശങ്കപ്പെടുത്തുന്ന ഒരു ഫലമാണിത്. 2018ലെ ഡെമോക്രാറ്റിക് തരംഗത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു നാഗരപ്രാന്ത പ്രദേശങ്ങള്‍. 2020ലെ തെരഞ്ഞെടുപ്പിനെ നിര്‍ണ്ണയിക്കുന്ന ഒരു ഘടകമാണത്. ട്രംപിന്റെ വിജയത്തിന് ഒരു വര്‍ഷത്തിനുശേഷം 2017 ല്‍ നടന്ന നഗരപ്രാന്തങ്ങളിലെ ഹൌസ് ഓഫ് ഡെലിഗേറ്റ്സ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വലിയ നേട്ടമാണുണ്ടാക്കിയത്. ആ നേട്ടങ്ങള്‍ ഈ വര്‍ഷവും അവര്‍ നിലനിര്‍ത്തി.