മുമ്പ് എച്ച് വണ്‍ ബി വിസ ഉപയോഗിച്ചത് 29 തവണ;  ന്യായീകരിക്കാന്‍ പാടുപെട്ട് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമി


SEPTEMBER 19, 2023, 8:21 AM IST

വാഷിംഗ്ടണ്‍ - എച്ച 1 ബി വിസ നിര്‍ത്തലാക്കാന്‍ വെമ്പല്‍കൊള്ളുന്ന  2024 റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജനുമായ വിവേക് രാമസ്വാമി അതേ വിസ ഉപയോഗിച്ചത് 29 തവണ. എച്ച വണ്‍ ബി വിസ പദ്ധതി ഒരു തരം അടിമത്തമാണെന്നും താന്‍ അധികാരത്തില്‍ വന്നാല്‍ അത് നിര്‍ത്തലാക്കുമെന്നുമുള്ള വിവേകിന്റെ പ്രസ്താവന തന്റെ മുന്‍കാല നടപടിയില്‍ നിന്നുള്ള വൈരുദ്ധ്യമാണെന്ന വാദം ഇതിനകം ഉന്നയിക്കപ്പെട്ടുകഴിഞ്ഞു. പ്രസ്താവന വിവാദമായതോടെ എച്ച്1-ബി വിസ പ്രോഗ്രാമിന്റെ മുന്‍കാല ഉപയോഗത്തെ ന്യായീകരിച്ച് രംഗത്തുവന്നിരിക്കുകയാണ്..

സ്‌പെഷ്യലൈസ്ഡ് ഇന്‍ഡസ്ട്രികളിലെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക വിസ അനുവദിക്കുന്ന പരിപാടിയെ 'ഇന്‍ണ്ടര്‍ഡ് സെര്‍വിറ്റിയൂഡ്' (അടിമത്തമുള്ള കൂലിത്തൊഴില്‍) എന്നാണ് രാമസ്വാമി വിശേഷിപ്പിച്ചത്. എന്നാല്‍ 2018 മുതല്‍ 2023 വരെ, യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് റോവന്റ് സയന്‍സസിനായി  രാമസ്വാമിയുടെ മുന്‍ ബയോടെക് സ്ഥാപനം 29 എച്ച്1-ബി അപേക്ഷകള്‍ അംഗീകരിച്ചതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തു.

'ഫോക്സ് ന്യൂസ് സണ്‍ഡേയ്ക്ക്' നല്‍കിയ അഭിമുഖത്തില്‍, 'സര്‍ക്കാര്‍ നമ്മള്‍ക്ക് നല്‍കിയിട്ടുള്ള നിയമങ്ങള്‍ക്കനുസൃതമായി താന്‍ പ്രവര്‍ത്തിക്കുകമാത്രമാണ് ചെയ്തതെന്ന്' എന്ന് രാമസ്വാമി പറഞ്ഞു. അതേസമയം താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍, വിസാ പദ്ധതി താന്‍ പരിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'ഈ രാജ്യത്തെ ഊര്‍ജ്ജ സംവിധാനത്തിനും ഊര്‍ജ്ജ നിയന്ത്രണത്തിനും കടുത്ത പരിഷ്‌കരണം ആവശ്യമാണെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. പക്ഷേ ഞാന്‍ ഇപ്പോഴും വെള്ളവും വൈദ്യുതിയും ഉപയോഗിക്കുകയും വിളക്കുകള്‍ കത്തിക്കുകയും ചെയ്യുന്നു, ''രാമസ്വാമി പറഞ്ഞു. 'അതിനാല്‍ കാര്യത്തിന്റെ വസ്തുത, റെഗുലേറ്ററി ഉപകരണത്തെക്കുറിച്ച് എനിക്ക് ഒരു ധാരണയുണ്ട്, കാരണം ഒരു സിഇഒ എന്ന നിലയിലും ഒന്നിലധികം കമ്പനികള്‍ നിര്‍മ്മിച്ച ഒരു സംരംഭകനെന്ന നിലയിലും ഞാന്‍ അത് കൈകാര്യം ചെയ്തിട്ടുമുണ്ട്.'- വിവേക് തന്റെ മുന്‍കാല നടപടിയെ ന്യായീകരിച്ചത് ഇങ്ങനെയാണ്.

വിദഗ്ധ തൊഴിലുകളില്‍ വിദേശികളെ നിയമിക്കാന്‍ അമേരിക്കന്‍ കമ്പനികളെ അനുവദിക്കുന്ന നോണ്‍ ഇമിഗ്രന്റ് വിസയാണ് എച്ച്-1 ബി. പതിനായിരക്കണക്കിന് ഇന്ത്യന്‍, ചൈനീസ് തൊഴിലാളികളാണ് ഇതുപയോഗിച്ച് യു.എസില്‍ ജോലിയെടുക്കുന്നത്. ഇവരെ ആശങ്കയിലാക്കുന്നതാണ് വിവേകിന്റെ പ്രസ്താവന. അദ്ദേഹത്തിന്റെ മുന്‍ കമ്പനി റോവന്റ് സയന്‍സസ് 29 തവണ ഈ വിസ സമ്പ്രദായം ഉപയോഗിച്ചിട്ടുണ്ട്.

നിലവില്‍, എച്ച്-1 ബി വിസയുടെ നാലില്‍ മൂന്ന് ഭാഗവും ഇന്ത്യക്കാരാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. എച്ച്-1 ബി വിസയിലൂടെ വിദഗ്ധ വിദേശ തൊഴിലാളികളുടെ പ്രവേശനം ഇരട്ടിയാക്കാന്‍ നിര്‍ദേശിക്കുന്ന ബില്‍ ഇന്ത്യന്‍ വംശജനായ യു.എസ് പ്രതിനിധി സഭാംഗം രാജ കൃഷ്ണമൂര്‍ത്തി കഴിഞ്ഞ ജൂലൈയില്‍ അവതരിപ്പിച്ചിരുന്നു. പ്രതിവര്‍ഷം ലഭ്യമായ എച്ച്-1 ബി വിസകളുടെ എണ്ണം 65,000ല്‍നിന്ന് 1,30,000 ആയി ഉയര്‍ത്താനാണ് ബില്ലിലൂടെ ലക്ഷ്യമിട്ടത്.

Other News