പൗരന്മാരല്ലാത്തവര്‍ക്ക് വോട്ട്; കേസുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി


JANUARY 11, 2022, 11:53 PM IST

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ പൗരന്മാരല്ലാത്തവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. മേയര്‍ എറിസ് ആഡംസ് പിന്തുണച്ചതിന് പിന്നാലെയാണ് എട്ടുലക്ഷം പേര്‍ക്ക് പുതുതായി വോട്ടവകാശം നല്കുന്ന നിയമം സംസ്ഥാന ഭരണഘടനയെ ലംഘിക്കുന്നതാണെന്ന് ആരോപിച്ച് റിപ്പബ്ലിക്കന്‍മാര്‍ രംഗത്തെത്തിയത്. പുതിയ നിയമപ്രകാരം 2023ലെ ന്യൂയോര്‍ക്ക് സിറ്റി തെരഞ്ഞെടുപ്പില്‍ പൗരന്മാരല്ലാത്തവര്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശം ലഭിക്കും. 

പൗരന്മാരല്ലാത്ത എട്ടു ലക്ഷം പേര്‍ക്ക് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നതോടെ അതിനെ ചോദ്യം ചെയ്ത് റിപ്പബ്ലിക്കന്‍മാര്‍ തിങ്കളാഴ്ച കേസ് ഫയല്‍ ചെയ്യുകയായിരുന്നു. മുന്‍ മേയര്‍ ബില്‍ ഡി ബ്ലാസിയോ പുതിയ നിയമത്തിന്റെ സാധുതയെ കുറിച്ച് സംശയം പ്രകടിപ്പിച്ചെങ്കിലും ഡെമോക്രാറ്റിക് ആധിപത്യമുള്ള ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ നടപടി അംഗീകരിക്കുകയായിരുന്നു. ഡിസംബറിലാണ് അംഗീകാരം നല്കിയത്. 

തുടക്കത്തില്‍ ബില്ലിലെ റസിഡന്‍സിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ ആശങ്കകളുണ്ടായിരുന്നെങ്കിലും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ് ശനിയാഴ്ച അക്കാര്യത്തില്‍ തീരുമാനത്തിലെത്തുകയായിരുന്നു. ബില്ലില്‍ ഒപ്പിടുകയോ വീറ്റോ ചെയ്യുകയോ ചെയ്യാതിരുന്ന മേയര്‍ പാസ്സായി 30 ദിവസത്തിനകം സ്വയമേവ നിയമമാകാന്‍ അനുവദിക്കുകയായിരുന്നു. 

എറിക് ആഡംസിന്റെ ഭരണകൂടം പുതിയ വോട്ടിംഗ് നിയമത്തെ കോടതിയില്‍ പ്രതിരോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വക്താവ് അറിയിച്ചു. നിയമാനുസൃത സ്ഥിരതാമസക്കാര്‍ക്കോ യു എസില്‍ ജോലി ചെയ്യാന്‍ അനുമതിയുള്ളവര്‍ക്കോ അഞ്ച് സ്വയംഭരണാധികാരങ്ങളുള്ള പട്ടണങ്ങളിലോ 30 ദിവസമോ അതില്‍ കൂടുതലോ താമസിക്കുകയും വോട്ട് ചെയ്യാനുള്ള മറ്റ് ആവശ്യകതകള്‍ നിറവേറ്റുകയും ചെയ്താല്‍ നഗര തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവും. എന്നാല്‍ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ച കുടേയിറ്റക്കാര്‍ക്ക് വോട്ടവകാശം നല്കുന്നില്ല. 

പുതിയ നിയമം സംസ്ഥാന തെരഞ്ഞെടുപ്പ് നിയമത്തേയും ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ഭരണഘടനയേയും ലംഘിക്കുന്നതാണെന്ന് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ മൈനോരിറ്റി നേതാവ് ജോ ബോറെല്ലിയും സ്‌റ്റേറ്റന്‍ അയലന്റ് നഗര പ്രസിഡന്റ് വിറ്റോ ഫോസെല്ലയും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്‍ക്കും വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ടെന്നും അവര്‍ പറഞ്ഞു. 

പൗരത്വമില്ലാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശം നല്കുന്ന നിയമം വോട്ടര്‍മാരുടെ ഘടനയില്‍ പെട്ടെന്നും വലുതുമായ മാറ്റമാണ് ഉദ്ദേശിക്കുന്നതെന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ ഏറ്റവും വലിയ റിപ്പബ്ലിക്കന്‍ നഗരമായ സ്റ്റാറ്റന്‍ ഐലന്‍ഡിലെ സ്റ്റേറ്റ് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത സ്യൂട്ടില്‍ പറയുന്നു. ഭാവിയിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ സാധ്യതകളെ സാരമായി ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

ആഡംസിനും ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിനും നഗരത്തിലെ ബോര്‍ഡ് ഓഫ് ഇലക്ഷന്‍സിനുമെതിരായ വ്യവഹാരം നിയമം നടപ്പിലാക്കുന്നത് നിര്‍ത്താന്‍ ഉത്തരവിടാനാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ നിയമം ശക്തമായി സംരക്ഷിക്കാനാണ് കോടതിയില്‍ ആഡംസ് ഭരണകൂടം ഉദ്ദേശിക്കുന്നതെന്ന് ആഡംസിന്റെ വക്താവ് ജോസ് ബയോണ പറഞ്ഞു. 

എല്ലാ ന്യൂയോര്‍ക്കുകാരേയും പ്രതിനിധീകരിക്കുന്ന ഒരു ബോഡിയാണ് നിയമം പാസ്സാക്കിയതെന്ന് സിറ്റി കൗണ്‍സില്‍ വക്താവ് പറഞ്ഞു. തെരഞ്ഞെടുപ്പ് ബോര്‍ഡിന്റെ വക്താവ് പ്രതികരിക്കാന്‍ വിസമ്മതിച്ചു. 

നിയമം നടപ്പാക്കുന്നതിലും എല്ലാവര്‍ക്കും നല്ലതും ഉറച്ചതുമായ ബോധവത്ക്കരണം നടത്തുന്നതിലുമായിരിക്കണം ശ്രദ്ധയെന്നും അതുവഴി അടുത്ത മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിന് അടുത്ത കുറച്ചു വര്‍ഷത്തിനുള്ളില്‍ തയ്യാറാകാമെന്നും ഡെമോക്രാറ്റിക് കൗണ്‍സിലര്‍ കാര്‍ലോസ് മെന്‍ചാക്ക പറഞ്ഞു.

Other News