ജീവനക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി വാള്‍മാര്‍ട്ട്


JULY 30, 2021, 10:40 PM IST

ന്യൂയോര്‍ക്ക്: കോവിഡ് വ്യാപന നിരക്ക് കൂടുതലുള്ള യു എസ് കൗണ്ടികളില്‍ ജീവനക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയ ഉത്തരവുമായി വാള്‍മാര്‍ട്ട്. അതോടൊപ്പം ജീവനക്കാരുടെ വാക്‌സിനേഷന്‍ നില പരിശോധിക്കാനും കമ്പനി തയ്യാറെടുക്കുന്നു. 

ലോകത്തിലെ ഏറ്റവും വലിയ റീട്ടയിലര്‍മാരായ വാള്‍മാര്‍ട്ടിന്റെ തീരുമാനം സമാന രംഗത്തുള്ളവരേയും പുതിയ തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിച്ചേക്കും. യു എസ് പൊതുജനാരോഗ്യ ഏജന്‍സിയില്‍ നിന്നും ലഭ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് അനുസരിച്ച് പൂര്‍ണമായും വാക്‌സിനേഷന്‍ ലഭിച്ച ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കുന്നത് പിന്‍വലിച്ച ആദ്യത്തെ കമ്പനികളിലൊന്നായിരുന്നു വാള്‍മാര്‍ട്ട്. ടാര്‍ഗറ്റ്, സ്റ്റാര്‍ബക്‌സ് തുടങ്ങിയ കമ്പനികള്‍ ഇത് പിന്തുടരുകയും ചെയ്തു. 

കോവിഡ് രോഗബാധ ഗണ്യമായി ഉയര്‍ന്ന കൗണ്ടികളിലെ വാള്‍മാര്‍ട്ടിന്റെ സ്‌റ്റോറുകള്‍, വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ രോഗപ്രതിരോധ നിയന്ത്രണ കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും പൂര്‍ണമായ പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കിലും മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമാണെന്നും ജൂലൈ 30ന് ഇറക്കിയ ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവ് ഫിനാന്‍ഷ്യല്‍ ടൈംസിന് വാള്‍മാര്‍ട്ട് ഇ-മെയില്‍ ചെയ്തിട്ടുണ്ട്. 

ഉപഭോക്താക്കള്‍ മാസ്‌ക് ധരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെങ്കിലും നിര്‍ബന്ധിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. 

വാള്‍മാര്‍ട്ടിന്റെ സ്വന്തം നഗരമായ അര്‍ക്കന്‍സാസാണ് കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ യു എസില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ളതെന്നാണ് സി ഡി സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. പൂര്‍ണമായും വാക്‌സിനെടുത്തവരുടെ എണ്ണം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് അര്‍ക്കന്‍സാസ്. 36.2 ശതമാനം മാത്രമാണ് ഇവിടുത്തെ വാക്‌സിനെടുത്തവരുടെ കണക്ക്.

Other News