രാഹുലിന്റെ സാന്‍ഫ്രാന്‍സിസ്‌കോ പരിപാടിയില്‍ ദേശീയ ഗാനത്തെ ആദരിച്ചില്ലേ അവകാശവാദം തെറ്റെന്ന് ഇന്ത്യാടുഡേ


JUNE 4, 2023, 12:48 AM IST

സാന്‍ഫ്രാന്‍സിസ്‌കോ: രാഹുല്‍ ഗാന്ധി മെയ് 30ന് യു എസിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ പങ്കെടുത്ത പരിപാടിയില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ ചിലര്‍ നില്‍ക്കുകയും പലരും ഇരിക്കുകയും ചെയ്തതായി ആരോപണം. ദേശീയ ഗാനത്തെ ആദരിച്ചില്ല എന്ന തരത്തിലാണ് അഭിപ്രായങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. 

എന്നാല്‍ മറ്റൊരു തരത്തിലാണ് കാര്യങ്ങളുടെ നിജസ്ഥിതി. 

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടിപ്പിച്ച 'മൊഹബത് കി ദുകാന്‍' എന്ന പരിപാടിയില്‍ സംസാരിക്കവെ, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടി സര്‍ക്കാരിന്റെ നയങ്ങള്‍ക്കും എതിര്‍പ്പിനെയും ചെറുത്തുനില്‍പ്പിനെയും അടിച്ചമര്‍ത്താന്‍ ജനാധിപത്യ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് രാഹുല്‍ രൂക്ഷമായ ആക്രമണം നടത്തിയിരുന്നു.

വീഡിയോയില്‍, വിദ്യാര്‍ഥികളുടെ ഗായകസംഘം ദേശീയ ഗാനം ആലപിക്കുന്നത് കാണാമായിരുന്നു. കുറച്ച് ആളുകള്‍ എഴുന്നേറ്റു നില്‍ക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ ഇരിക്കുകയാണ്. 

'ഇന്ത്യയുടെ ദേശീയഗാനത്തിനിടെ രാഹുല്‍ ഗാന്ധിയുടെ സദസ്സ് ഇരിക്കുകയും നില്‍ക്കാന്‍ വിസമ്മതിക്കുകയും ചെയ്തു' എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്. 

വൈറലായ വീഡിയോ യഥാര്‍ഥത്തില്‍ ശരിയല്ലെന്നാണ് ഇന്ത്യ ടുഡേ അന്വേഷണം നടത്തിയിരിക്കുന്നത്. ഇന്ത്യാ ടുഡേ നടത്തിയ അന്വേഷണത്തില്‍ മൈക്ക് പരിശോധനയ്ക്കിടെ ചിത്രീകരിച്ച വീഡിയോ ആണിതെന്ന് പറയുന്നു. 

ദേശീയഗാനം ആരംഭിച്ചയുടന്‍ അവതാരക എല്ലാവരോടും ഇരിക്കാന്‍ ആംഗ്യം കാണിക്കുകയും ദേശീയ ഗാനത്തെ അപമാനിക്കുകയും ചെയ്തുവെന്നാണ് പറയുന്നത്. മൈക്ക് പരിശോധന മാത്രമാണിതെന്ന് യുവതി സദസ്സിനെ ബോധ്യപ്പടുത്തിയതോടെയാണ് എഴുന്നേറ്റവും ഇരുന്നത്. 

കുട്ടികള്‍ ദേശീയഗാനം റിഹേഴ്‌സല്‍ ചെയ്യുകയായിരുന്നു. ജനക്കൂട്ടം കുറവായതിനാലും ഒഴിഞ്ഞ നിരവധി സീറ്റുകള്‍ വീഡിയോയില്‍ കാണുന്നതിനാലും പരിപാടി ആരംഭിക്കുന്നതിന് മുമ്പാണ് ഇത് സംഭവിച്ചതെന്നാണ് കരുതുന്നത്. 

പരിപാടിയുടെ മുഴുവന്‍ വീഡിയോയും കണ്ടെത്തിയെന്നും കുട്ടികള്‍ ദേശീയഗാനം ആലപിക്കുന്നത് കണ്ടുവെന്നും ഇന്ത്യാ ടുഡേ വ്യക്തമാക്കി. കുട്ടികള്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയും സാം പിത്രോദയും കുട്ടികള്‍ക്കിടയില്‍ നിന്നുകൊണ്ട് അവര്‍ക്കൊപ്പം പാടുന്നത് കാണാമായിരുന്നു. 

സാന്‍ഫ്രാന്‍സിസ്‌കോയില്‍ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ പങ്കെടുത്തവര്‍ ദേശീയഗാനം അവതരിപ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കൂട്ടാക്കിയില്ല എന്ന തെറ്റായ അവകാശവാദത്തോടെയാണ് കുട്ടികള്‍ ദേശീയഗാനം റിഹേഴ്സല്‍ ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Other News