കാറ്റാടിയന്ത്രങ്ങള്‍ ക്യാന്‍സറുണ്ടാക്കില്ല; ശാസ്ത്രത്തിന് കാതോര്‍ക്കൂ:ട്രംപിനോട് ഗ്രേറ്റ തുന്‍ബര്‍ഗ്


AUGUST 30, 2019, 1:31 AM IST

ന്യൂയോര്‍ക്ക്:കാലാവസ്ഥാമാറ്റത്തില്‍ പകച്ചുനില്‍ക്കുന്ന ലോകത്തോട് ശാസ്ത്രത്തില്‍ വിശ്വസിക്കാന്‍ ആഹ്വാനം ചെയ്ത് വിഖ്യാത പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. ഈ ഓര്‍മപ്പെടുത്തല്‍ അമേരിക്കന്‍ പ്രസിഡന്റിനോട് കൂടിയാണ്. നിങ്ങള്‍ ശാസ്ത്രത്തിന് കാതോര്‍ക്കൂ-വെറും 16 വയസ് മാത്രം പ്രായമുള്ള സ്വീഡന്‍ സ്വദേശി ഗ്രേറ്റ അമേരിക്കയിൽ പറഞ്ഞു.

പായ്ക്കപ്പലില്‍ അറ്റ്‌ലാന്റിക് സമുദ്രം താണ്ടിയാണ് കഴിഞ്ഞദിവസം അമേരിക്കയിലെത്തിയത്.പ്രവചനാതീതമായ കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കുക എന്ന വലിയ ദൗത്യവുമായാണ് തന്റെ യാത്രയെന്നും എല്ലാവരുടെയും പിന്തുണ വേണമെന്നും ഗ്രേറ്റ തുന്‍ബര്‍ഗ് വ്യക്തമാക്കി.

അമേരിക്കയില്‍ അടുത്ത മാസം കാലാവസ്ഥാ ഉച്ചകോടി നടക്കാനിരിക്കെയാണ് തുന്‍ബര്‍ഗിന്റെ അഭ്യർത്ഥന.ആമസോണ്‍ കത്തിയെരിയുന്നതിലെ ആശങ്കയും ഗ്രേറ്റ പങ്കുവച്ചു.ഭീകരമായ അവസ്ഥയാണിത്. സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്തത്. പ്രകൃതിയെ നശിപ്പിക്കുന്നത് അവസാനിപ്പിക്കണം എന്നതിന്റെ ഏറ്റവും വലിയ താക്കീതാണിത്.

കാറ്റാടിയന്ത്രങ്ങള്‍ ക്യാന്‍സറിന് കാരണമായേക്കാം എന്ന ട്രംപിന്റെ മുൻ പ്രസ്താവനയെ ഗ്രേറ്റ പരിഹസിച്ചു.ശാസ്ത്രത്തെ ശ്രദ്ധിക്കൂ, അതിനായി കാതോര്‍ക്കൂ എന്നാണ് തനിക്ക് അദ്ദേഹത്തോട് പറയാനുള്ളത്. അദ്ദേഹം അത് ചെയ്യാറില്ല. കാറ്റാടിയന്ത്രങ്ങള്‍ ക്യാന്‍സറിന് കാരണമാകില്ലെന്നെനിക്കുറപ്പുണ്ട്-ഗ്രേറ്റ പറഞ്ഞു.

എല്ലാ വെള്ളിയാഴ്ചയും സ്‌കൂളിൽ നിന്ന് അവധിയെടുത്തു സ്വീഡിഷ് പാര്‍ലമന്റിന് മുന്നില്‍ പരിസ്ഥിതിക്കായി സമരമിരുന്നതിലൂടെയാണ് ഗ്രേറ്റ ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്.

Other News