വിമാനത്തില്‍ ഫുട്ബാള്‍ താരത്തെ യുവതി പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി


MAY 22, 2020, 8:47 PM IST

ന്യൂയോര്‍ക്ക്: ലോസ് ഏഞ്ചല്‍സില്‍ നിന്നും ന്യൂജേഴ്‌സിയിലെ നെവാര്‍ക്കിലേക്ക് യാത്ര ചെയ്യുന്നതിനിടയില്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമമുണ്ടായെന്ന് കാണിച്ച് ഒരു നാഷണല്‍ ഫുട്‌ബോള്‍ ലീഗ് താരം യുണൈറ്റഡ് എയര്‍ലൈന്‍സിനെതിരെ കേസ് ഫയല്‍ ചെയ്തു. കളിക്കാരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. 

ഫെബ്രുവരി 10ന് ന്യൂ ജേഴ്‌സിയിലെ വീട്ടിലേക്ക് പറക്കുന്നതിനിടയില്‍ തന്റെ തൊട്ടടുത്ത സീറ്റിലിരുന്ന വനിത ലൈംഗികമായി പീഡിപ്പിക്കുകയും ശരീരാവയവങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. 

ലോസ് ഏഞ്ചല്‍സ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ യുവതിക്കെതിരെ ഗുരുതരമാണ് ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫേസ് മാസ്‌ക് ധരിച്ചിരുന്ന തന്നെ കാണുമ്പോള്‍ ഭയം തോന്നുന്നുവെന്ന് ആരോപിച്ച് യുവതി അത് അഴിപ്പിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. 

കേസ് കോടതിയിലായതിനാല്‍ അഭിപ്രായം പ്രകടിപ്പിക്കുന്നില്ലെന്നു പറഞ്ഞ യുണൈറ്റഡ് എയര്‍ലൈന്‍സ് പരാതിയെ തുടര്‍ന്ന് യാത്രക്കാരന് മറ്റൊരു സീറ്റ് അനുവദിച്ചതായും തങ്ങളുടെ യാത്രക്കാരുടെ ക്ഷേമവും സുരക്ഷയുമാണ് പ്രഥമ പരിഗണനയെന്നും എയര്‍ലൈന്‍സ് പറഞ്ഞു. 

കറുത്ത നിറക്കാരനായ കളിക്കാരന്‍ വെള്ളക്കാരിയായ യുവതിയുടെ നീക്കങ്ങളില്‍ വംശീയ വിദ്വേഷം ഭയന്നിരുന്നുവെന്നും എന്നിട്ടും കൈ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. 

പ്രസ്തുത വിമാനത്തില്‍ കളിക്കാരനോടൊപ്പം സഞ്ചരിച്ചിരുന്ന മറ്റൊരാളും അനുകൂലമായി രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. കേസില്‍ ജോണ്‍ ഡു 2 എന്ന പേരാണ് ചേര്‍ത്തതെങ്കിലും അയാളുടെ ശരിയായ പേര് ഇതല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കളിക്കാരനെ ലൈംഗികമായി ഉപദ്രവിക്കുന്നത് താന്‍ കണ്ടതായും ഫ്‌ളൈറ്റ് അറ്റന്റിനെ വിവരം അറിയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. 

യുവതിയുടെ പേരും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പ്രസ്തുത സമയത്ത് താന്‍ മദ്യപിച്ചിരുന്നതായും ഗുളികകള്‍ കഴിച്ചിരുന്നതായും സമ്മതിച്ചിട്ടുണ്ട്. 

യുണൈറ്റഡ് എയര്‍ലൈന്‍സിനു പുറമേ പേര് വെളിപ്പെടുത്താത്ത ഏതാനും ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരാണ് കേസില പ്രതികള്‍.

Other News