ടെക്‌സസ്സില്‍  യുവതി ഭര്‍ത്താവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി


MAY 26, 2023, 3:15 PM IST

ആര്‍ലിംഗ്ടണ്‍ (ടെക്‌സസ് ): വിവാഹമോചന പേപ്പറില്‍ ഒപ്പിടാന്‍ ഭര്‍ത്താവിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ പോയ 42 കാരിയായ യുവതി ഭര്‍ത്താവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതായി ആര്‍ലിംഗ്ടണ്‍ പോലീസ് പറഞ്ഞു

ചൊവ്വാഴ്ച രാവിലെ 6 മണിക്കായിരുന്നു സംഭവം. സ്വീറ്റ് ഗം ട്രയലിന്റെ 3200 ബ്ലോക്കിലെ ഒരു അപ്പാര്‍ട്‌മെന്റ്  സമുച്ചയത്തില്‍ കടുംബകലഹം നടക്കുന്നുവെന്ന് അറിഞ്ഞാണ് പോലീസ് എത്തിച്ചേര്‍ന്നത്. ഇതിനിടെ  സ്ത്രീ തന്നെ  911-ല്‍ വിളിച്ച് ഭര്‍ത്താവിന്റെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചുവെന്നു പറഞ്ഞതായി പോലീസ് വെളിപ്പെടുത്തി. വിവാഹമോചന പേപ്പറില്‍ ഒപ്പിടാനാണ് ഇവര്‍ അപ്പാര്‍ട്ട്‌മെന്റിലേക്ക് പോയെതന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്ന പോലീസ് കിടപ്പുമുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന 45 വയസ്സുള്ള ഒരാളെ കണ്ടെത്തി. തലക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് ഇയാള്‍ ഇതിനകം മരിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇയാളുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപെട്ടു ഭാര്യ മൈ ട്രാനെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തതായും ആര്‍ലിംഗ്ടണ്‍ സിറ്റി ജയിലിലേക്ക് മാറ്റിയെന്നും പോലീസ് പറഞ്ഞു

ട്രാന്‍  ഭര്‍ത്താവിനെ ചുറ്റിക കൊണ്ട് ആക്രമിക്കുന്നതിലേക്ക് നയിച്ചതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

-പി പി ചെറിയാന്‍

Other News