കാപ്പിറ്റോള്‍ കലാപക്കേസിലെ ആദ്യ വിധി പുറത്തുവന്നു; പ്രതിക്ക് ജയില്‍ ശിക്ഷ ഒഴിവാക്കി


JUNE 25, 2021, 7:57 AM IST

വാഷിംഗ്ടണ്‍ ഡി.സി : പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനുവരി 6 ന് റിപ്പബ്ലിക്കന്‍ അനുകൂലികള്‍ ക്യാപ്പിറ്റോളില്‍ നടത്തിയ കലാപത്തില്‍  ചാര്‍ജ് ചെയ്ത കേസുകളില്‍ ആദ്യ വിധി പുറത്തുവന്നു.

അന്ന മോര്‍ഗന്‍ ലോയ്ഡ് (49) എന്ന ഇന്ത്യാനയില്‍ നിന്നുള്ള വനിതക്കാണ് ജയില്‍ ശിക്ഷ ഒഴിവാക്കി 36 മാസത്തെ നല്ല നടപ്പിന് വിട്ടത്. ബുധനാഴ്ചയായിരുന്നു ഫെഡറല്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഇതിന് പുറമെ 120 മണിക്കൂര്‍ സാമൂഹിക സേവനത്തില്‍ ഏര്‍പ്പെടാനും, നഷ്ടപരിഹാരമായി 500 ഡോളര്‍ അടക്കാനും പ്രതിയോട് കോടതി ഉത്തരവിട്ടു. കൊളംബിയ ജില്ലാ കോടതിമുമ്പാകെ വിര്‍ച്വലായാണ് മോര്‍ഗന്‍-ലോയ്ഡ് ഹാജരായത്.നവംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നതിന് ജനുവരി 6 ന് ചേര്‍ന്ന യു.എസ് കോണ്‍ഗ്രസ്സിലേക്ക് ഇരച്ചു കയറി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.

ഈ കേസില്‍ പ്രതിക്ക് ജയില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആവശ്യപ്പെടാതിരുന്നതും ഇവര്‍ക്ക് തുണയായി. ചുരുങ്ങിയത് 6 മാസമെങ്കിലും ജയില്‍ ശിക്ഷ  ലഭിക്കേണ്ട കുറ്റമാണിത്. ഇവര്‍ കുറ്റസമ്മതം നടത്തുകയും പ്രോസിക്യൂട്ടറുമായി ധാരണയില്‍ എത്തുകയും ചെയ്തതാണ് ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയത്. പാപ്പിറ്റോള്‍ കലാപത്തില്‍ പങ്കെടുത്തതിന് 500 പേര്‍ക്കെതിരെയാണ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത് .

ആദ്യ കേസിലെ വിധി പുറത്ത് വന്നതോടെ സമാനമായ മറ്റു കേസുകളിലും കടുത്ത ശിക്ഷ ലഭിക്കുന്നതിന് സാധ്യത കുറവാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഇന്ത്യാനക്കാരിയായ അന്നാ മോര്‍ഗന്‍ അവിടെനിന്നും ഡ്രൈവ് ചെയ്താണ് ട്രംപിന് പിന്തുണ പ്രഖ്യാപിക്കാന്‍ വാഷിംഗ്ടണില്‍ എത്തിയത്.

Other News