കുട്ടികളുടെ സ്വകാര്യത ലംഘിച്ചു;യൂട്യൂബിന് 17കോടി ഡോളര്‍ പിഴ


SEPTEMBER 4, 2019, 10:54 PM IST

വാഷിംഗ്‌ടൺ:കുട്ടികളുടെ സ്വകാര്യത ലംഘിച്ചതിന് സമൂഹ മാധ്യമമായ യൂട്യൂബിനു കനത്ത പിഴ.13 വയസിൽ താഴെയുള്ള കുട്ടികളെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് ഫെഡറല്‍ നിയമം ലംഘിച്ചുവെന്ന പരാതിയിലാണ് നടപടി. 

ഗൂഗിളിന്റെ ഉടമസ്ഥരായ ആല്‍ഫബെറ്റും അതിന്റെ യൂട്യൂബ് വീഡിയോ സേവനവും ആരോപണങ്ങള്‍ അവസാനിപ്പിക്കാൻ 17കോടി ഡോളര്‍(ഏകദേശം 1224 കോടി രൂപ) നല്‍കണമെന്ന് ഫെഡറല്‍ ട്രേഡ് കമ്മിഷന്‍ (എഫ് ടി സി )ഉത്തരവിട്ടു.

മാതാപിതാക്കളുടെ അനുമതിയില്ലാതെ ഇന്റര്‍നെറ്റിലെ കുക്കികൾ പിന്തുടർന്ന് കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും പരസ്യങ്ങള്‍ വഴി പണം ശേഖരിക്കുകയും ചെയ്‌തതായാണ് യൂട്യൂബിനെതിരായ ആരോപണം.

യൂട്യൂബിന്റെ ഉടമസ്ഥരായ ആല്‍ഫബറ്റിനു ജൂലൈ രണ്ടാം പാദത്തിൽ മാത്രം വരുമാനം 3.89 കോടി ഡോളറുണ്ട്.പണം നല്‍കി പിഴയൊടുക്കുന്നതിന് പുറമേ, ഭാവിയില്‍ നിയമ ലംഘനം നടത്തുന്നതില്‍ നിന്ന് കമ്പനി വിട്ടുനില്‍ക്കണമെന്നും കുട്ടികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുമ്പ് മാതാപിതാക്കളില്‍ നിന്ന് സമ്മതം നേടുന്നതു സംബന്ധിച്ച ബാധ്യതകളെക്കുറിച്ച് ചാനല്‍ ഉടമകളെ അറിയിക്കണമെന്നും ഒത്തുതീര്‍പ്പില്‍ ആവശ്യപ്പെടുന്നു.

Other News