ഒരൊറ്റ യാത്രക്കാരന്റെ അശ്രദ്ധ റദ്ദാക്കിയത് 190 വിമാന സർവ്വീസുകൾ; 5000 യാത്രക്കാര്‍ കുടുങ്ങി


AUGUST 30, 2019, 2:36 AM IST

മ്യൂണിക്ക്: സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാതെ യാത്രക്കാരന്‍ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറങ്ങിയതുകാരണം മ്യൂണിക്ക് അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി അടച്ചിട്ടു. ജര്‍മനിയിലെ തിരക്കേറിയ വിമാനത്താവളത്തിലാണ് സംഭവം. പാസ്‍പോര്‍ട്ട് കണ്‍ട്രോള്‍ വിഭാഗത്തിലൂടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി കടന്നുപോകുന്നതിന് പകരം ടെര്‍മിനലില്‍ നിന്ന് എമര്‍ജന്‍സി എക്സിറ്റ് തുറന്ന് ഒരു യാത്രക്കാരന്‍ പുറത്തിറങ്ങുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് പിടികൂടി.

യുവാവിന് അബദ്ധം പറ്റിയതാണെന്നും ഇതിന്റെ പേരില്‍ മറ്റ് നടപടികള്‍ നേരിടേണ്ടിവരില്ലെന്നും പൊലീസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാരന് വേണ്ടി വിമാനത്താവളത്തില്‍ പൊലീസ് നടത്തിയ തെരച്ചിലിനെത്തുടർന്ന് അയ്യായിരത്തോളം യാത്രക്കാരാണ് കുടുങ്ങിപ്പോയതെന്ന് വിമാനത്താവള വക്താവ് അറിയിച്ചു. 

ഒന്നാം ടെര്‍മിനല്‍ പൂർണമായും രണ്ടാം ടെര്‍മിനല്‍ ഭാഗികമായും അടച്ചിടേണ്ടിവന്നു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായത്. മ്യൂണിക്കിലേക്ക് വന്നതും ഇവിടെനിന്ന് പുറപ്പെടേണ്ടിയിരുന്നതുമായ ഏതാണ്ട് 190 വിമാന സര്‍വീസുകളാണ് റദ്ദാക്കേണ്ടി വന്നത്.യാത്രയ്ക്കായി നേരത്തെ സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്ക്  വീണ്ടും പരിശോധനകള്‍ക്ക് വിധേയമാകേണ്ടിയും വന്നു.

ജര്‍മനിയിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മ്യൂണിക്കില്‍ ഏറ്റവുമധികം യാത്രക്കാര്‍ സഞ്ചരിക്കുന്ന സീസണാണിപ്പോള്‍. ബാങ്കോക്കില്‍ നിന്ന് വന്ന സ്‍പാനിഷ് പൗരനാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കിയത്. മാഡ്രിഡിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റിലായിരുന്നു ഇയാള്‍ പോകേണ്ടിയിരുന്നത്.വിമാനത്തില്‍ കയറുന്നതിന് മുന്‍പ് സുരക്ഷാ പരിശോധനകള്‍ക്ക് വിധേയനാകേണ്ടിയിരുന്ന ഇയാൾ അതിന് പകരം എമര്‍ജന്‍സി എക്സിറ്റ് തുറന്ന് അതിലൂടെ പുറത്തിറങ്ങുകയായിരുന്നു. 

ഇതോടെ വിമാനത്താവളത്തില്‍ അപായ അലാം മുഴങ്ങി. തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ച് വിമാനത്താവളം ഭാഗികമായി അടച്ചിടേണ്ടിവന്നത്. കഴിഞ്ഞ വര്‍ഷം സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാതെ ഒരു സ്ത്രീ അതീവ സുരക്ഷാ മേഖലയില്‍ കടന്നതിന് പിന്നാലെ മ്യൂണിക്കില്‍ 330 വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നിരുന്നു.

Other News