നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം 5 പേര്‍ കൊല്ലപ്പെട്ടു, സംശയിക്കപ്പെട്ടയാള്‍ അറസ്റ്റില്‍


OCTOBER 14, 2021, 7:44 AM IST

കോങ്‌സ്ബര്‍ഗ്, നോര്‍വേ: തെക്കുകിഴക്കന്‍ നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ച് ഒരാള്‍ നടത്തിയ ആക്രമണത്തില്‍ അ#്ചുപേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.

കോങ്‌സ്‌ബെര്‍ഗിന്റെ ടൗണ്‍ സെന്ററിലെ പല സ്ഥലങ്ങളില്‍ നടന്ന ആക്രമണത്തിന്റെ കാരണം അജ്ഞാതമാണ്, എന്നാല്‍ തീവ്രവാദ ലക്ഷ്യങ്ങള്‍ ഇനിയും തള്ളിക്കളയാനാവില്ലെന്ന് പോലീസ് പറഞ്ഞു.

അഞ്ച് പേര്‍ മരിച്ചതായി സ്ഥിരീകരിക്കാന്‍ കഴിയുമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ഒയ്വിന്ദ് ആസ് പറഞ്ഞു. പരിക്കേറ്റ രണ്ടുപേര്‍ ആശുപത്രിയിലെ അതീവ ഗുരുതര പരിചരണ യൂണിറ്റുകളിലാണെങ്കിലും അവരുടെ ജീവന്‍ അപകടത്തിലാണെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പലയിടത്തായാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ ഡ്യൂട്ടിയില്‍ അല്ലാത്ത ഒരു പോലീസുകാരനും പരിക്കേറ്റു. ഒരു കടയില്‍ നടന്ന ആക്രമണത്തിനിടയിലാണ് പുറത്തുനില്‍ക്കുകയായിരുന്ന പോലീസുകാരന് പരിക്കേറ്റത്.

'ഈ പ്രവൃത്തി ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ലഭ്യമായ വിവരമനുസരിച്ച് ഒരാള്‍ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂ,' ആസ് പറഞ്ഞു.

'ആക്രമണങ്ങള്‍ നടന്ന രീതി പരിശോധിക്കുമ്പോള്‍ , ഇത് ഒരു ഭീകരാക്രമണമാണോ എന്ന് വിലയിരുത്തുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അറസ്റ്റിലായ വ്യക്തിയെ ചോദ്യം ചെയ്തിട്ടില്ല. അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഇപ്പോളാവില്ലെന്നും അദ്ദേഹം പറഞ്ഞു, എന്നാല്‍ 'എല്ലാ സാധ്യതകളും തുറന്നിരിക്കുകയാണ്.

ആക്രമണകാരി നോര്‍വീജിയന്‍ ആണെന്നും മെഡിക്കല്‍ ചരിത്രമുണ്ടെന്നും ടിവി 2 ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാലിത് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല..

തലസ്ഥാനമായ ഓസ്ലോയ്ക്ക് പടിഞ്ഞാറ് 80 കിലോമീറ്റര്‍ (50 മൈല്‍) ചുറ്റളവിലുള്ള 25,000 ആളുകളുള്ള പട്ടണത്തില്‍ നടന്ന ആക്രമണത്തെക്കുറിച്ച് വൈകുന്നേരം 6:13 ന് ആണ് പോലീസിന് വിവരം ലഭിച്ചത്. വൈകുന്നേരം 6:47 ന് പ്രതിയെ അറസ്റ്റ് ചെയ്തു.

'ഈ സംഭവങ്ങള്‍ നടുക്കുന്നതാണെന്ന്  തെരഞ്ഞെടുപ്പിനു ശേഷം വ്യാഴാഴ്ച അധികാരം കൈമാറുന്ന പ്രധാനമന്ത്രി എര്‍ണാ സോള്‍ബെര്‍ഗ് പറഞ്ഞു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ലേബര്‍ പാര്‍ട്ടി പ്രതിനിധി ജോനാസ് ഗഹര്‍ സ്റ്റോര്‍ ആണ് പുതിയ പ്രധാനമന്ത്രി.

കോങ്‌സ്‌ബെര്‍ഗില്‍, പൊതുജനങ്ങളെ വീട്ടില്‍ തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്നതിനിടയില്‍ സായുധരായ പോലീസ് ആക്രമണം നടന്ന സ്ഥലം വലയം ചെയ്തിരിക്കുകയാണ്.

ടെലിവിഷന്‍ ദൃശ്യങ്ങള്‍ ആംബുലന്‍സുകളും സായുധ പോലീസും പ്രദേശത്ത് കാണിച്ചു. ഒരു ഹെലികോപ്റ്ററും ബോംബ് നിര്‍വീര്യമാക്കുന്ന സംഘത്തെയും സംഭവസ്ഥലത്തേക്ക് അയച്ചു.

സ്‌കാന്‍ഡിനേവിയന്‍ രാജ്യത്തെ പോലീസ് സാധാരണയായി ആയുധങ്ങള്‍ കൊണ്ടുനടക്കാറില്ല. എന്നാല്‍ ആക്രമണത്തിന് ശേഷം ദേശീയ പോലീസ് ഡയറക്ടറേറ്റ് രാജ്യവ്യാപകമായി ഉദ്യോഗസ്ഥരെ സജ്ജരാക്കാന്‍ ഉത്തരവിട്ടു.

നോര്‍വേയിലെ രഹസ്യാന്വേഷണ സേവനമായ പിഎസ്ടിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് വക്താവ് മാര്‍ട്ടിന്‍ ബെര്‍ണ്‍സണ്‍ എഎഫ്പിയോട് പറഞ്ഞു.

Other News