ഇറാനില്‍ 26 ദിവസത്തിനിടയില്‍ അധികൃതര്‍ വധശിക്ഷ നല്‍കിയത് 55 പേര്‍ക്ക്


JANUARY 28, 2023, 8:39 PM IST

തെഹ്‌റാന്‍: പുതിയ വര്‍ഷത്തില്‍ ആദ്യത്തെ 26 ദിവസത്തിനകം ഇറാന്‍ ഭരണകൂടം 55 പേരുടെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് റിപ്പോര്‍ട്ട്. നോര്‍വെ ആസ്ഥാനമായ ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് 26 ദിവസത്തിനുള്ളില്‍ 55 വധശിക്ഷകള്‍ ഇറാന്‍ ഭരണകൂടം നടപ്പാക്കിയതായി പറയുന്നത്. 

ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനും ജനങ്ങളില്‍ ഭീതി സൃഷ്ടിക്കാനുമാണ് ഭരണകൂടം തുടരെത്തുടരെ വധശിക്ഷ നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഇറാനിലെ ഭരണകൂട വിരുദ്ധ- ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തി നാല് പേരെയാണ് തൂക്കിലേറ്റിയതെന്നും ബാക്കിയുള്ളവരില്‍ ഭൂരിഭാഗം പേരെയും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങളുടെ പേരിലാണ് വധിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് പ്രകാരം 107 പേരെങ്കിലും ഇപ്പോഴും വധശിക്ഷ കാത്ത് ഇറാനില്‍ കഴിയുന്നുണ്ട്. 

പുതിയ വര്‍ഷത്തെ വധശിക്ഷാ കണക്ക് പുറത്തുവന്നിട്ടുണ്ടെങ്കിലും കവിഞ്ഞ വര്‍ഷം നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഡിസംബറില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2022ല്‍ അഞ്ഞൂറിലേറെ പേരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വധശിക്ഷാ നിരക്കാണ് കഴിഞ്ഞ വര്‍ഷത്തേത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2021ല്‍ 333 പേരേയും 2020ല്‍ 267 പേരെയുമാണ് ഇറാന്‍ ഭരണകൂടം വിവിധ കുറ്റങ്ങളെ തുടര്‍ന്ന് തൂക്കിലേറ്റിയത്. 

2010 മുതല്‍ 7040 പേരെയാണ് ഇറാന്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. അതില്‍ 187 പേര്‍ സ്ത്രീകളാണ്.

Other News