വളര്‍ത്തുനായയുടെ ഉമിനീരില്‍ നിന്നും അണുബാധ; 63 കാരന്‍ മരണത്തിനു കീഴടങ്ങി


DECEMBER 2, 2019, 11:16 AM IST

മ്യൂണിച്ച്:  വളര്‍ത്തു നായയുടെ ഉമിനീരില്‍ നിന്നുണ്ടായ അണുബാധ മൂലം ജര്‍മനിയില്‍ 63 കാരന്  ജീവന്‍ നഷ്ടമായി.  വളര്‍ത്തുനായയുമായി കളിക്കുമ്പോള്‍ നായയുടെ ഉമിനീരില്‍ക്കൂടി ക്യാപ്നോസൈറ്റോഫാഗ കാനിമോര്‍സസ് എന്ന ബാക്ടീരിയ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ എത്തുകയായിരുന്നു. മാരകമായ അണുബാധ ഉണ്ടായി ആന്തരീകാവയവങ്ങളുടെ  പ്രവര്‍ത്തനം നിലച്ചായിരുന്നു മരണം.

ഈ ഹതഭാഗ്യന്റെ പേര് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. കടുത്ത പനിയുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു അദ്ദേഹം. പിന്നീട് രോഗിക്ക് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു. മാത്രമല്ല ദേഹമാകെ ചുവന്നു തടിക്കുകയും ചെയ്തു. പിന്നാലെ വൃക്ക, ശ്വാസകോശം എന്നിവയുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണം.

അജ്ഞാതരോഗത്തിന്റെ കാരണം അറിയാന്‍ ഡോക്ടര്‍മാര്‍ നടത്തിയ അന്വേഷണത്തിലാണ് നായയില്‍ നിന്നാണ് അണുബാധ ഉണ്ടായതെന്നു വ്യക്തമാത്. ഒന്നര മില്യന്‍ ആളുകളില്‍ ഒരാള്‍ക്കാണ് ഈ അവസ്ഥ ഉണ്ടാകുക എന്നാണ് വൈദ്യശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നത്.  സാധാരണ നായയുടെ കടിയില്‍ നിന്നും അണുബാധ ഉണ്ടാകാം.  വെറുതെ നക്കിയാല്‍ പോലും ചിലപ്പോള്‍ അണുബാധ പിടിപെടാം എന്ന അവസ്ഥയുമുണ്ട്. പൂച്ചയില്‍നിന്നും ഈ അണുബാധ ചിലര്‍ക്ക് പകരാറുണ്ട്.

നായകളുമായി അടുത്ത് ഇടപഴകിയാല്‍ മാരകമായ രോഗങ്ങള്‍ക്ക് സാധ്യതയെന്ന് നേരത്തെയും പഠനങ്ങള്‍ വന്നിട്ടുണ്ട്. നായ്ക്കള്‍ ഉടമകളോടുള്ള സ്‌നേഹപ്രകടനം വാലാട്ടിയും, ദേഹത്തേക്ക് ഓടികയറി കെട്ടിപ്പിടിച്ചുമാണ് പ്രകടിപ്പിക്കുന്നത്. ചില നായ്ക്കള്‍ മുഖത്ത് നക്കുന്നതും ഒരു ശീലമാണ്. എന്നാല്‍ ചിലര്‍ ഇതിന് സമ്മതിക്കാറില്ല. ഒരുപാട് ആളുകളും നായയെ മുഖത്ത് നക്കാന്‍ അനുവദിക്കുന്നവരാണ്, ഈ സ്‌നേഹ പ്രകടനങ്ങള്‍ പ്രായഭേദമന്യേയാണ് നടക്കുന്നത്. എന്നാല്‍ നായയെ വളര്‍ത്തുന്നവര്‍ ഇത്തരത്തിലുള്ള സ്‌നേഹപ്രകടനങ്ങള്‍ ഒഴിവാക്കണമെന്നാണ് നായ വിദഗ്ദര്‍ പറയുന്നത്.

നായകളുടെ വായയുടെ ഭാഗത്ത് ഒരു തരം ബാക്ടീരിയ ഉണ്ട്, ഇത് നായയുടെ ഉമിനീരിലൂടെ നിങ്ങളുടെ മുഖത്ത് നക്കുമ്പോള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. ഇത് പല ത്വക്ക് രോഗങ്ങള്‍ക്കും ഇത് കാരണമാകാറുണ്ട്. പിന്നീട് ഇത് മാരകമായ ത്വക്ക് രോഗമായി മാറിയേക്കാമെന്നും വിദഗദ്ധര്‍ പറയുന്നു.

Other News