ഗര്‍ഭഛിദ്രാവകാശം; യു എസ് സുപ്രിം കോടതി വിധിയില്‍ ഇസ്രായേലിന് അതൃപ്തി


JUNE 28, 2022, 8:13 PM IST

ടെല്‍ അവീവ്: ഗര്‍ഭഛിദ്രം ഭരണഘടനാപരമായ അവകാശമല്ലെന്ന യു എസ് സുപ്രിം കോടതി വിധിയില്‍ അതൃപ്തി രേഖപ്പെടുത്തി ഇസ്രായേല്‍. യു എസ് കോടതിയുടെ വിധിക്ക് മറുപടിയെന്നോണം രാജ്യത്തെ ഗര്‍ഭഛിദ്ര നിയന്ത്രണങ്ങള്‍ ഇസ്രായേല്‍ കൂടുതല്‍ മയപ്പെടുത്തി.

പുതിയ നിയമങ്ങള്‍ ഇസ്രായേലി പാര്‍ലമെന്ററി കമ്മിറ്റിയും പാസാക്കിയിട്ടുണ്ട്. പുതിയ നിയമം പ്രകാരം സ്ത്രീകള്‍ക്ക് രാജ്യത്തെ യൂണിവേഴസല്‍ ഹെല്‍ത്ത് സിസ്റ്റം വഴി ഗര്‍ഭഛിദ്രത്തിന് ആവശ്യമായ മരുന്നുകള്‍ എളുപ്പത്തില്‍ ലഭ്യമാകും. ഇതോടെ പ്രാദേശിക ഹെല്‍ത്ത് ക്ലിനിക്കുകള്‍ വഴി സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ അബോര്‍ഷന്‍ ഗുളികകള്‍ ലഭിക്കും. മാത്രമല്ല, അബോര്‍ഷന്‍ നടത്തുന്നതിന് മുമ്പ് പ്രസ്തുത സ്ത്രീ നേരിട്ട് ആരോഗ്യ മന്ത്രാലയത്തിന്റെ അബോര്‍ഷന്‍ അപ്രൂവല്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണം എന്ന നേരത്തെയുണ്ടായിരുന്ന നിബന്ധന എടുത്തുമാറ്റുകയും ചെയ്തു. പകരം നടപടിക്രമങ്ങള്‍ ഡിജിറ്റലാക്കി മാറ്റും. മൂന്ന് മാസത്തിനകമാണ് ഇത് നിലവില്‍ വരിക.  അബോര്‍ഷന്‍ അപ്രൂവല്‍ കമ്മിറ്റിക്കെതിരെ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അബോര്‍ഷന് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ മയപ്പെടുത്തിരിക്കുകയാണെന്നും ഇത് റോയ് വേഴ്‌സസ് വേഡ് കേസിലെ വിധിയെ അട്ടിമറിച്ച് കൊണ്ടുള്ള ദു:ഖകരമായ യു എസ് സുപ്രിം കോടതി വിധിക്കുള്ള മറുപടിയാണെന്നും ഇസ്രായേല്‍ ആരോഗ്യമന്ത്രിയും പ്രതികരിച്ചു.

ഒരു സ്ത്രീക്ക് അവരുടെ ശരീരത്തില്‍ പൂര്‍ണ അവകാശമുണ്ടെന്നും സ്വന്തം ശരീരത്തിന്മേലുള്ള ഒരു തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അവകാശം നിഷേധിക്കുന്ന യു എസ് സുപ്രിം കോടതിയുടെ വിധി സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലിന്റെ ദുഖകരമായ അവസ്ഥയാണെന്നും, സ്വതന്ത്ര രാജ്യത്തെ 100 വര്‍ഷം പിന്നോട്ടടിക്കുന്ന കാര്യമാണെന്നും ഇസ്രായേല്‍ ആരോഗ്യമന്ത്രി നിട്സാന്‍ ഹൊറൊവിട്സ് പറഞ്ഞു.

യു എസുമായി താരതമ്യം ചെയ്യുമ്പോള്‍ അബോര്‍ഷന്‍ പ്രക്രിയകള്‍ കൂടുതല്‍ എളുപ്പമായ രാജ്യമാണ് ഇസ്രായേല്‍.

Other News