അമേരിക്കയിലേക്ക് അഫ്ഗാൻ എന്തിനാണ് തേൾ വിഷം കയറ്റി അയക്കുന്നത്


JULY 26, 2019, 3:19 PM IST

കാബൂൾ : അമേരിക്കയിലേക്ക് അഫ്ഗാനിസ്ഥാൻ തേൾ വിഷം കയറ്റി അയക്കാനൊരുങ്ങുന്നു.

ലൈസൻസോടെ തയാറാക്കിയ ആദ്യ ബാച്ച് തേൾവിഷം ഉടൻ അമേരിക്കയിലെത്തിക്കാനുളള നടപടികൾ അവർ പൂർത്തിയാക്കി.

ഔഷധ നിർമാണത്തിനാണ് അമേരിക്ക തേൾ വിഷം ഇറക്കുമതി ചെയ്യുന്നത്. ആന്റി ബയോട്ടിക്കുകളുടെ നിർമാണത്തിന് തേൾ വിഷം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു.ഒരു ഗാലൺ തേൾ വിഷത്തിന് നാല് കോടിയോളം ഡോളറാണ് വില കണക്കാക്കുന്നത്.

വിവിധ രോഗങ്ങൾക്ക് ഔഷധം നിർമിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും വില കൂടിയ ദ്രാവകമാണിതെന്നു പറയാം. ആന്റിബയോട്ടിക്കുകളിൽ ഫലപ്രദമായതിനെ തുടർന്നാണ് തേൾ വിഷത്തിനു ഡിമാന്റ് കൂടിയത്.ലോകത്തെ ഏറ്റവും അപകടകാരിയായ ഒരു ജീവിയിൽനിന്നു വരുമാനമുണ്ടാക്കാനുള്ള പുറപ്പാടിലാണ് അഫ്ഗാൻകാർ.

ഒരു തേൾ ഒരു സമയം രണ്ട് എം.ജി വിഷം മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. അതു കൊണ്ടുതന്നെ ഫാമുകൾ ആരംഭിച്ചാലും ഒരു ഗാലൺ ശേഖരിക്കുകയെന്നതു തന്നെ എളുപ്പമല്ല.ഒരു സംഘം ഗവേഷകരാണ് ഒരു ഗാലൺ തേൾ വിഷം ഇപ്പോൾ തയാറാക്കിയിരിക്കുന്നത്.

ഇത് ഉടൻ തന്നെ അമേരിക്കയിലേക്ക് അയക്കുമെന്ന് ഹെറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് സി.ഇ.ഒ ഖലീൽ യർമണ്ട് പറഞ്ഞു. തേൾ ഫാമുകളിൽ നിക്ഷേപിക്കാൻ ആളുകൾ തയാറാകുകയാണെന്നും അഫ്ഗാൻ സമ്പദ്ഘടനക്ക് ഇത് നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഗാലൺ തേൾ വിഷം ശേഖരിക്കുകയെന്നത് അത്ര എളുപ്പമൊന്നുമല്ല. ഒരു തേളിൽനിന്ന് ഒരു ഗാലൺ വിഷം ലഭിക്കണമെങ്കിൽ 26 ലക്ഷം തവണ അതിനു പാലു കൊടുക്കണം. ശക്തമായ ആന്റിബയോട്ടിക്കുകൾ നിർമിക്കാനാണ് അമേരിക്കയിൽ പ്രധാനമായും തേൾ വിഷം ഉപയോഗിക്കുന്നത്.