ശ്രീലങ്കയില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധി; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇന്ന് സ്ഥാനമൊഴിയും; പുതിയ ഗവര്‍ണറെ നിയമിച്ചു


SEPTEMBER 14, 2021, 8:43 AM IST

കൊളംബൊ: ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ ഗവര്‍ണറായി അജിത് നിവാര്‍ഡ് കബ്രാലിനെ പ്രസിഡന്റ് ഗോതബായ രാജപക്സെ നിയമിച്ചു. നിലവിലെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ വെലിഗാമേജ് ഡോണ്‍ ലക്ഷ്മണണ്‍ (ഡബ്ല്യു ഡി ലക്ഷ്മണ്‍) ഇന്ന് സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റെ നടപടി. പുതിയ ഗവര്‍ണര്‍ സെപ്തംബര്‍ 15 ന് ചുമതലയേല്‍ക്കും.

കബ്രാല്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. മുമ്പ്, കബ്രാല്‍ ഒരു മന്ത്രാലയ സെക്രട്ടറിയായും കൂടാതെ ഏകദേശം ഒമ്പതു വര്‍ഷത്തോളം സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

രാജ്യം കടുത്ത ധനപ്രതിസന്ധി നേരിടുന്നതിനിടയിലാണ് കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ വെലിഗാമേജ് ഡോണ്‍ ലക്ഷ്മണണ്‍ (ഡബ്ല്യു ഡി ലക്ഷ്മണ്‍) ഇന്ന് രാജിവെച്ചെഴിയുന്നത്. കഴിഞ്ഞ ദിവസമാണ് ലക്ഷ്മണ്‍ തന്റെ രാജി പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ല എന്ന വിമര്‍ശനം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉന്നയിച്ചിരുന്നു.

ശ്രീലങ്കയുടെ ദുര്‍ബലമായ വിദേശനാണ്യ ശേഖരം രാജ്യത്തേക്ക് ചരക്ക് ഇറക്കുമതി ചെയ്യാനുള്ള കഴിവ് പരിമിതപ്പെടുത്തുകയും രാജ്യത്തിന്റെ ധനസ്ഥിതിയെ അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.  ഈ സാഹചര്യത്തിലുള്ള കേന്ദ്ര ബാങ്ക് ഗവര്‍ണറുടെ രാജി പ്രഖ്യാപനം രാജ്യത്തെ കൂടുതല്‍ ആശങ്കയിലാഴ്ത്തി.

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലെ രാജി അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ഇന്ന് (സെപ്റ്റംബര്‍ 14ന് ) അദ്ദേഹം പദവി ഒഴിയും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ഡിസംബറിലാണ് ലക്ഷ്മണ്‍ ചുമതലയേറ്റത്. രാജി പ്രഖ്യാപനം നേരത്തെ ഉണ്ടായിട്ടും അവസാന നിമിഷമാണ് ലക്ഷ്മണിന്റെ പിന്‍ഗാമിയെ ശ്രീലങ്കന്‍ സര്‍ക്കാരിന് പ്രഖ്യാപിക്കാനായത്. രാജ്യത്തിന്റെ നിസ്സഹായാവസ്ഥയുടെ നേര്‍ചിത്രമാണിത്.

ശ്രീലങ്കയില്‍ രണ്ടാഴ്ചയായി സാമ്പത്തിക അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണ്. കള്ളപ്പണം തടയാനൊന്നുമല്ല, ഭക്ഷ്യവിതരണം നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അത്ര രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തില്‍ ശരിയായ നിലപാടല്ല സര്‍ക്കാരിന്റേത് എന്നു സൂചിപ്പിച്ചുകൊണ്ട് രാജി പ്രഖ്യാപിക്കുകയായിരുന്നു കേന്ദ്ര ബാങ്ക് ഗവര്‍ണര്‍.

രാഷ്ട്രീയ അനിശ്ചിതത്വങ്ങളും കുടുംബ വാഴ്ചയുടെ സ്വഭാവമുളള ഭരണനേതൃത്വത്തിന്റെ നയ തീരുമാനങ്ങളും ചൈനയില്‍ നിന്നും സ്വീകരിച്ചിട്ടുളള ഭീമമായ വായ്പകളും ശ്രീലങ്ക എന്ന ദ്വീപു രാജ്യത്തെ വെള്ളത്തിലാക്കുകയാണെന്ന് രാജ്യാന്തര നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതിനോടൊപ്പം കോവിഡ് കൂടി വന്നതോടെ ശ്രീലങ്കയുടെ ധനപ്രതിസന്ധി അതിരൂക്ഷമായി. മുഖവിലയുടെ പകുതിയോളം ബോണ്ടുകള്‍, കടം-മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) അളവ് 100% കവിയുന്നു, സര്‍ക്കാര്‍ വരുമാനത്തിന്റെ 80 ശതമാനത്തിലധികം പലിശ തിരിച്ചടവിലേക്ക് മാത്രമായി നീക്കിവയ്‌ക്കേണ്ടി വരുന്നു.

രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം അടുത്ത രണ്ട് മാസത്തേക്ക് കൂടിയുളള ഇറക്കുമതിക്കേ തികയൂ. കറന്‍സിയുടെ വിലയിടിവ് ഈ വര്‍ഷം 7.5 ശതമാനത്തിന് മുകളിലേക്ക് എത്തിയിരിക്കുകയാണ്. വിദേശ വിപണികളില്‍ നിന്നും വാങ്ങിക്കൂട്ടിയ കടം ജിഡിപിയെക്കാള്‍ കൂടുതലായി തുടരുന്നത് ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. അതേസമയം, ഐഎംഎഫില്‍ നിന്ന് പിന്തുണ തേടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇത് കൂടുതല്‍ ചൈനയെ ആശ്രയിക്കുകയെന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചേക്കുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

വിദേശനാണ്യം സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഒട്ടേറെ അവശ്യസാധനങ്ങളുടെയും വാഹനങ്ങള്‍ അടക്കമുള്ള ഉല്‍പന്നങ്ങളുടെയും ഇറക്കുമതി, ഗോട്ടബയ രാജപക്‌സയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍  നിരോധിച്ചു. ഇങ്ങനെ, രാസവളം ഇറക്കുമതിയുടെ പൂര്‍ണമായി നിരോധിച്ചതിനെ ന്യായീകരിക്കാന്‍ എന്നവണ്ണം, 'സമ്പൂര്‍ണ ജൈവകൃഷിയേ' ഇനി പാടുള്ളൂ എന്നൊരു നിയമവും പാസ്സാക്കി. ജൈവകൃഷി പടിപടിയായി നടപ്പാക്കിയാല്‍പ്പോലും ഉല്‍പാദനവും വരുമാനവും കുറയും എന്നിരിക്കെ, ഒറ്റയടിക്ക് ജൈവകൃഷി അടിച്ചേല്‍പിച്ചപ്പോള്‍ ഭക്ഷ്യോല്‍പാദനം കുത്തനെ ഇടിഞ്ഞു. പഞ്ചസാരയ്ക്കും ധാന്യങ്ങള്‍ക്കുമൊക്കെ ഇപ്പോള്‍ കടുത്ത ക്ഷാമം നേരിടുകയാണ്.

Other News