കുടിയന്മാര്‍ ജാഗ്രതൈ; ദിവസേന ഒരു പെഗ് കഴിക്കുന്നതു പോലും സ്‌ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം


APRIL 5, 2019, 11:01 PM IST


ലണ്ടന്‍: ദിവസേന ഒന്നോ രണ്ടോ പെഗ് മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന ധാരണ തിരുത്തിക്കുറിക്കപ്പെടുന്നു.  കുറഞ്ഞ അളവിലോ, മിതമായ തോതിലോ ദിവസേന ഒരു പെഗ് മദ്യം കഴിക്കുന്നതു പോലും സ്‌ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുമെന്ന് യു.കെ - ചൈനീസ് ഗവേഷകരുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചു ലക്ഷത്തോളം ചൈനക്കാരില്‍ പത്തു വര്‍ഷം പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എല്ലാ ജനവിഭാഗങ്ങളിലും പെട്ടവര്‍ക്ക് ഇത് പ്രസക്തമാണെന്നും, മദ്യ ഉപയോഗത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതത്തെപ്പറ്റിയുള്ള ഏറ്റവും മികച്ച കണ്ടെത്തലാണിതെന്നും ഗവേഷകര്‍ അവകാശപ്പെട്ടു. മദ്യ ഉപയോഗം പരിമിതപ്പെടുത്തണമെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. അമിതമായ മദ്യ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്നും, സ്‌ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുമെന്നും നേരത്തെ തന്നെ ധാരണയുണ്ടായിരുന്നു. എന്നാല്‍, ചെറിയ തോതിലുള്ള മദ്യ ഉപയോഗം ആരോഗ്യത്തിനു നല്ലതാണെന്ന ചില കണ്ടെത്തലുകളുമുണ്ടായത് ഇക്കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. മദ്യ ഉപയോഗത്തിന് സുരക്ഷിതമായ ഒരു അളവുകോലില്ല എന്നും ചില പഠനങ്ങളില്‍ തെളിഞ്ഞിരുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്ഫഡ്, പെക്കിംഗ് യൂണിവേഴ്‌സിറ്റി, ചൈനീസ് അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവ സംയുക്തമായി നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇതാണ്. ഒന്ന് - ദിവസേന ഒന്നോ രണ്ടോ പെഗ് മദ്യം കഴിക്കുന്നത് സ്‌ട്രോക്ക് സാധ്യതയില്‍ 10 - 15 ശതമാനം വര്‍ധന വരും. രണ്ട് - ദിവസേന നാലു പെഗ് കഴിക്കുവരില്‍ സ്‌ട്രോക്ക് സാധ്യതയ്ക്ക് 35 ശമാതനം വര്‍ധനയുണ്ടാവും. ബ്രിട്ടനില്‍ 100 പുരുഷന്മാരില്‍ 16 പേര്‍ക്കും, 100 വനിതകളില്‍ 20 പേര്‍ക്കും ജീവിതകാലത്ത് സ്‌ട്രോക്ക് വരാന്‍ സാധ്യത കല്‍പിക്കപ്പെടുന്നു. മിതമായ മദ്യപാനം സംരക്ഷിത വലയം തീര്‍ക്കുമെന്ന നിഗമനം പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. മദ്യപാനവും ഹൃദ്രോഗസാധ്യതയും സംബന്ധിച്ച കാര്യത്തില്‍ കൃത്യമായ കണ്ടെത്തലുകള്‍ ഉണ്ടായിട്ടില്ലെന്നും, അടുത്ത വര്‍ഷങ്ങളില്‍ ഇതുസംന്ധിച്ച് കൂടുതല്‍ ഡാറ്റാകള്‍ ശേഖരിക്കേണ്ടതുണ്ടെന്നും പഠനത്തില്‍ പറയുന്നു. 

മദ്യപാനത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ ഏറ്റവും മികച്ചത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു. ചൈനീസ് വംശപരമ്പരയില്‍ പെടുന്നവരില്‍ നല്ലൊരു വിഭാഗത്തിന്റെ ജനിതകഘടന മദ്യപാനത്തോട് താല്‍പര്യം പുലര്‍ത്തുന്നില്ല. മൂന്നു ചൈനീസ് പുരുഷ്‌നമാരില്‍ ഒരാള്‍ മദ്യപിക്കാത്തയാളായിരിക്കും. വളരെ കുറച്ച് ചൈനീസ് വനിതകള്‍ മാത്രമാണ് മദ്യപിക്കുന്നത്. മദ്യപിക്കുന്നവരും, മദ്യപിക്കാത്തവരും തമ്മിലുള്ള വ്യത്യാസം കണ്ടുപിടിക്കാന്‍ ചൈനീസ് ജനസമൂഹം ഇതുകൊണ്ട് ഏറെ യോജിച്ചതാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സഫഡിലെ ഡോ. അയോണ മില്‍വുഡ് പറഞ്ഞു. പാശ്ചാത്യ ജനിതകഘടന ഇത്തരത്തിലല്ലാത്തതു കൊണ്ട് സമാന പഠനം അസാധ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. 

ചൈനീസ് ജനവിഭാഗത്തില്‍ മാത്രം പഠനം നടത്തി എന്നതും, മദ്യത്തിന്റെയും ബിയറിന്റെയും ഉപയോഗം മാത്രമാണ് പരീക്ഷിക്കപ്പെട്ടതെന്നതും വൈനിന്റെ ഉപയോഗം കണക്കിലെടുത്തില്ല എന്നതും ഗവേഷണ ഫലത്തിന്റെ പരിമതിയില്‍ ഉള്‍പ്പെടുന്നുവെന്ന് യൂണിവേഴ്‌സിറ്റി ഓഫ് കേംബ്രിഡ്ജിലെ ഡോ.സ്റ്റീഫന്‍ ബര്‍ഗസ് പറഞ്ഞു. എന്നാല്‍, മദ്യപാനത്തിന്റെ പ്രത്യാഘാതത്തെപ്പറ്റി വര്‍ഷങ്ങള്‍ നീണ്ടു നടത്തിയ പഠനം, മിതമായ മദ്യപാനം കൊണ്ടും സ്‌ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന കണ്ടെത്തല്‍ പരമ പ്രധാനമാണെന്നും അദ്ദേഹം വിലയിരുത്തി. 


Other News