പാകിസ്താന്‍ കരസേന മേധാവിയുടെ ആസ്തി വര്‍ധനവ് ആരോപണം


NOVEMBER 22, 2022, 2:34 PM IST

ഇസ്‌ലാമാബാദ്: പാകിസ്താന്‍ കരസേന മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമെതിരെ ആരോപണവുമായി ഫാക്ട് ഫോക്കസ് വെബ്സൈറ്റ്. ബജ്വയുടെ ആറ് വര്‍ഷത്തെ പ്രവര്‍ത്തന കാലയളവിനുള്ളില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും 12.7 ശതകോടി ഡോളര്‍ ആസ്തി ഉണ്ടായതായാണ് വെബ്സൈറ്റില്‍ പറയുന്നത്. പാകിസ്താന്‍ ആസ്ഥാനമായ, ഡിജിറ്റല്‍ മാധ്യമ വാര്‍ത്ത സ്ഥാപനമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഫാക്ട് ഫോക്കസ് വെബ്സൈറ്റാണ് 2013 മുതല്‍ 2021 വരെയുള്ള ജനറല്‍ ബജ്വയുടെയും കുടുംബത്തിന്റെയും സ്വത്ത് വിവരങ്ങള്‍ പുറത്ത് വിട്ടത്. 

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന സ്വത്ത് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നിലവിലെ വിപണി മൂല്യം അനുസരിച്ച് പാകിസ്താന് അകത്തും പുറത്തുമായി 12.7 ശതകോടി ഡോളര്‍ ആസ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനറല്‍ ബജ്വ ജോലിയില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഫാക്ട് ഫോക്കസ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ടില്‍ ബജ്വയുടെ ഭാര്യ ആയിഷ അംജദിനെതിരെയും ആരോപണമുണ്ട്്. 2016ല്‍ പ്രത്യേകിച്ച് ആസ്തി ഒന്നും തന്നെ ഇല്ലാതിരുന്ന ആയിഷയ്ക്ക് ആറ് വര്‍ഷത്തിനിപ്പറം 2.2 ശതകോടി ഡോളര്‍ ആസ്തി ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈന്യം ബജ്വയ്ക്ക് താമസിക്കുന്നതിനും മറ്റുമായി നല്‍കിയിട്ടുളള സ്ഥലങ്ങളുടെ മൂല്യം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും രേഖകളില്‍ സൂചിപ്പിക്കുന്നു. 

ജനറല്‍ ബജ്വയുടെ ഭാര്യക്കെതിരെയുള്ള ആരോപണത്തിന് പുറമെ അദ്ദേഹത്തിന്റെ മരുമകള്‍ക്കും സഹോദരിക്കും അനധികൃത സ്വത്ത് സമ്പാദനത്തില്‍ പങ്കുണ്ടെന്നാണ് റിപ്പാര്‍ട്ടില്‍ പറയുന്നത്. 

ബജ്‌വയുടെ മരുമകള്‍ മഹ്നൂര്‍ സാബിര്‍ന്റെ ആസ്തി ഒരു മാസം കൊണ്ട് 1271 ദശലക്ഷമായി ഉയര്‍ന്നതായും കൂടാതെ മഹ്നൂറിന്റെ സഹോദരി ഹംന ഒരു വര്‍ഷം കൊണ്ട് ബില്യണറായി മാറിയെന്നും രേഖകളില്‍ പറയുന്നു. ജനറല്‍ ബജ്വയുടെ മകന്റെ ഭാര്യാപിതാവ് നല്‍കുന്ന നികുതിയുമായി ബന്ധപ്പെട്ട രേഖകളും വെബ്സൈറ്റ് പുറത്തുവിട്ടിട്ടുണ്ട്. 

കരസേന മേധാവിയുടെയും കുടുംബാംഗങ്ങളുടെയും നികുതി, സ്വത്ത് വിവരങ്ങള്‍ വെബ്സൈറ്റ് പുറത്തുവിട്ടതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ ധനമന്ത്രി ഇഷാഖ് ദാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൂടാതെ ഈ രേഖകള്‍ നികുതി വിവരങ്ങളുടെ രഹസ്യ സ്വഭാവത്തിന്റെ നിയമ ലംഘനമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

Other News