തായ്‌‌വാന്‍ തീരത്ത് അമേരിക്കൻ പ്രകോപനം;അതിഗൗരവതരമെന്ന് ചൈന 


JULY 27, 2019, 1:43 AM IST

ബെയ്‌ജിംഗ്:പേർഷ്യൻ ​ഗൾഫ് മേഖലയ്‌ക്ക് പിന്നാലെ തെക്കൻചൈന കടലിലും സംഘർഷാവസ്ഥ. തങ്ങളുടെ താക്കീത് ഗൗനിക്കാതെ തായ്‌വാൻ കടലിടുക്കിലൂടെ അമേരിക്ക യുദ്ധക്കപ്പലോടിച്ചെന്ന് ചൈന. 

അതീവ​ഗൗരവത്തോടെയാണ് അമേരിക്കൻ നീക്കത്തെ കാണുന്നതെന്ന് ചൈന വ്യക്തമാക്കി.തായ്‌വാനെ ആയുധവത്കരിക്കാൻ നടത്തുന്ന ഏതു നീക്കവും തങ്ങൾക്കെതിരായ കടന്നുകയറ്റമായി കാണുമെന്നും മേഖലയിൽ സൈന്യത്തെ ഇറക്കാനുള്ള സമ്മർദമായി അതുമാറുമെന്നും ചൈന നിലപാട് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് തായ്‌വാൻ തീരത്തെ തൊട്ടുരുമ്മി അമേരിക്കയുടെ ഏഴാം കപ്പൽപ്പട കടന്നുപോയത്. 

|ചൈനീസ് മേഖലയ്‌ക്കും തായ്‌വാനും ഇടയിലെ ചെറുകടലിടുക്കിലൂടെ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് അമേരിക്കൻ പടക്കപ്പൽ അന്റിറ്റാം കടന്നുപോയത്. രാജ്യാന്തരനിയമം അനുവദിക്കുന്ന ഏതു മേഖലയിലും അമേരിക്കൻ കപ്പലുകൾ സഞ്ചരിക്കുമെന്ന് നാവിക കമാൻഡർ ക്ലേ ഡോസ് പ്രതികരിച്ചു.സംഭവത്തിൽ അമേരിക്കയോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയെന്ന് ചൈനീസ് വിദേശകാര്യവക്താവ് ഹുവ ചുന്യാങ് അറിയിച്ചു. 

ചൈനയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികൾ അമേരിക്ക,ചൈന ബന്ധത്തെ നേരിട്ട് ബാധിക്കുമെന്നും തെക്ക്, കിഴക്കൻ ചൈന കടലിലെ സമാധാനത്തിനു തുരങ്കം വയ്ക്കുമെന്നും അവർ പറഞ്ഞു. ഈ വർഷം ആദ്യം തായ്‌വാൻ തീരത്തേക്ക് എത്തിയ ഫ്രഞ്ച് പടക്കപ്പലിന് ചൈനീസ് സേന മുന്നറിയിപ്പ് നൽകിയിരുന്നു. മെയിൽ  ഇതുവഴി അമേരിക്കൻ പടക്കപ്പൽ കടന്നുപോയപ്പോഴും ചൈന താക്കീത് ചെയ്യുകയുണ്ടായി.

കഴിഞ്ഞയാഴ്‌ച ചൈനീസ്,റഷ്യൻ സേനകൾ സംയുക്തമായി ദക്ഷിണ കൊറിയ, ജപ്പാൻ തീരത്ത് നിരീക്ഷണപ്പറക്കൽ നടത്തിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു.

Other News