ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് അംഗമായി ഇന്ത്യന്‍ ഡോക്ടറും


OCTOBER 20, 2020, 5:59 AM IST

വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് തെരഞ്ഞെടുപ്പില്‍  പുതിയതായി  തെരഞ്ഞെടുക്കപ്പെട്ട എം.പിമാരില്‍ ഇന്ത്യക്കാരനായ യുവ ഡോക്ടറും.  ഹിമാചല്‍പ്രദേശ് സ്വദേശിയായ 33 കാരന്‍ ഗൗരവ് ശര്‍മ്മയാണ് ഹാമില്‍ട്ടണ്‍ വെസ്റ്റില്‍ നിന്ന് ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി എം.പിയായി പാര്‍ലമെന്റിലെത്തിയിരിക്കുന്നത്.

നാഷണല്‍ പാര്‍ട്ടിയിലെ ടിം മാഷിനോഡിനെ 4,425 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 16,950 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. അതേസമയം, ന്യൂസിലാന്‍ഡില്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ഗൗരവിനെ ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അഭിനന്ദിച്ചു. ഗൗരവിന്റെ നേട്ടത്തില്‍ ഹിമാചലും ഇന്ത്യയും അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

20 വര്‍ഷം മുമ്പാണ് ഡോക്ടറായ ഗൗരവ് ഹിമാചലില്‍ എത്തുന്നത്. ഹാമില്‍ട്ടണിലാണ് അദ്ദേഹം ജോലി നോക്കിയിരുന്നത്. മെഡിസിനില്‍ ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കൊവിഡ് സമയത്ത് ഹാമില്‍ട്ടണിലെ ജനങ്ങള്‍ക്കിടയില്‍ കാര്യക്ഷമമായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതായി ലേബര്‍ പാര്‍ട്ടി അവകാശപ്പെടുന്നു.

ഗൗരവ് ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഹിമാചല്‍ പ്രദേശിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ ജോലി രാജിവെച്ച് അദ്ദേഹത്തിന്റെ പിതാവ് കുടുംബസഹിതം ന്യൂസിലാന്‍ഡില്‍ എത്തുന്നത്. അതേസമയം, മൂന്നാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ പറഞ്ഞു.

Other News