കൊറോണ വൈറസ് ബാധ: ജാഗ്രതയോടെ ഏഷ്യന്‍ രാജ്യങ്ങള്‍


JANUARY 21, 2020, 11:11 PM IST

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതയോടെ ഏഷ്യന്‍ രാജ്യങ്ങള്‍. ആസ്‌ട്രേലിയ മുതല്‍ തായ്‌ലന്‍ഡ് വരെയും നേപ്പാള്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളും വിമാനത്താവളങ്ങളില്‍ ആരോഗ്യ പരിശോധന കര്‍ശനമാക്കി. 

കൊറോണ വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരുമെന്ന് ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷനിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ സ്ഥിരീകരിച്ചതോടെയാണ് മറ്റു രാജ്യങ്ങള്‍ അതിജാഗ്രത പാലിക്കുന്നത്. വിമാനത്താവളങ്ങളില്‍ ചൈനയില്‍ നിന്നെത്തുന്നവരെ പ്രത്യേകം പരിശോധിക്കാനാണ് നിര്‍ദ്ദേശം. അവധിക്കാലമായതിനാല്‍ ചൈനയിലുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അവരവരുടെ നാടുകളിലേക്കു പോകുന്ന സമയമാണിത്. ഇന്ത്യയില്‍ കൊച്ചി ഉള്‍പ്പെടെ ഏഴ് വിമാനത്താവളങ്ങളിലും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. 

അതേസമയം, ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റു മരിച്ചവരുടെ എണ്ണം ആറായി. ഇതുവരെ 291 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വ്യൂഹാനില്‍ ആദ്യ റിപ്പോര്‍ട്ട് ചെയ്ത പുതിയതരം കൊറോണ വൈറസ് ബാധ ഹുബെ, ബീജിങ്, ഷാങ്ഹായ്, ഗ്വാങ്‌ഡോങ്, ഷെയ്ജാങ് എന്നിവിടങ്ങളിലേക്കാണ് പടര്‍ന്നിരിക്കുന്നത്. ചൈനക്കുവെളിയില്‍ തായ്‌ലന്‍ഡിനും ജപ്പാനും പിന്നാലെ ദക്ഷിണ കൊറിയയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍നിന്നും എത്തിയവരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ആസ്‌ട്രേലിയയില്‍ ചൈനയില്‍ നിന്നെത്തിയയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും കൊറോണ വൈറസ് ബാധയാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Other News