പാക്കിസ്ഥാന്‍ ഏഷ്യാ പസഫിക്ക് ഗ്രൂപ്പിന്റെ കരിമ്പട്ടികയില്‍


AUGUST 23, 2019, 5:50 PM IST

ന്യൂഡല്‍ഹി:ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ നിരീക്ഷണ ഏജന്‍സികളിലൊന്നായ ഏഷ്യാ പസഫിക് ഗ്രൂപ്പ് പാകിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തി.കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കല്‍ തുടങ്ങിയവ തടയാനായി ഏജന്‍സി നിര്‍ദ്ദേശിച്ച 40 നടപടികളില്‍ 32 എണ്ണവും നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍  പാകിസ്ഥാന് സാധിച്ചില്ല. ഇതിനെ തുടര്‍ന്നാണ് നടപടി.ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഒമ്പത് മേഖലാ സംഘടനകളിലൊന്നാണ് ഏഷ്യാ പസഫിക് ഗ്രൂപ്പ്. ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് തടയാന്‍ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടേണ്ടി വരുന്നമെന്ന് കഴിഞ്ഞ ജൂണില്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് ഒക്ടോബര്‍ വരെയാണ് സമയപരിധി നല്‍കിയിരിക്കുന്നത്. അതിന് മുന്നോടിയായി ഫോഴ്‌സിന്റെ ഏഷ്യന്‍ ഏജന്‍സി പാക്കിസ്ഥാനെതിരെ നടപടിയെടുക്കുകയായിരുന്നു. ഭീകരര്‍ക്കും ഭീകര സംഘടനകള്‍ക്കും എതിരെ ശക്തമായ നടപടി എടുക്കാന്‍ പാകിസ്ഥാനെ നിര്‍ബന്ധിക്കുന്നതിന് ആദ്യഘട്ടമെന്ന നിലയില്‍ ടാസ്‌ക് ഫോഴ്‌സ് രാജ്യത്തെ ഗ്രേപട്ടികയില്‍ പെടുത്തി.  കരിമ്പട്ടികയില്‍ പെടുന്നതോടെ ആഗോള സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് പാകിസ്ഥാന് കൂടുതല്‍ കടമ്പകള്‍ കടക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കി. ഇതോടെ കടുത്ത സമ്മര്‍ദ്ദത്തിലായ പാക്കിസ്ഥാന്‍ പിന്നീട് പല നടപടികള്‍ കൈകൊണ്ടെങ്കിലും അതെല്ലാം തെറ്റിദ്ധരിപ്പിക്കാനുതകുന്നതാണെന്ന് ആരോപണമുയര്‍ന്നു. ഭരണകൂടത്തിന് താല്‍പര്യങ്ങളുണ്ടെങ്കിലും രാജ്യത്തെ മതഗ്രൂപ്പുകളും സൈന്യവും ഭീകരവാദത്തിനെതിരെ കടുത്ത നടപടിയെടുക്കുന്ന കാര്യത്തില്‍ ഇമ്രാന്‍ ഖാന് വിലങ്ങുതടിയായി നില്‍ക്കുകയാണ്. നിലവില്‍ സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം കടുത്ത തിരിച്ചടിയാണ് ഏഷ്യ പസഫിക്ക് ഗ്രൂപ്പിന്റെ നടപടി. നേരത്തെ ഇമ്രാന്‍ഖാന്റെ യു.എസ് സന്ദര്‍ശനത്തിനിടെ  വാഗ്ദാനം നല്‍കിയ അത്രയും തുക നല്‍കാനാകില്ലെന്ന് പ്രസിഡന്റ് ട്രമ്പും പറഞ്ഞിരുന്നു.  യു.എസ് നല്‍കാമെന്ന ഏറ്റ 4.5 ബില്ല്യണ്‍ ഡോളറില്‍ നിന്നും 440 മില്ല്യണ്‍ ഡോളറാണ് പിന്‍വലിച്ചത്.

Other News