ജറുസലേം: ജറുസലേമിലെ ജൂത ആരാധനാലയത്തിന് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ 7 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ പത്ത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അക്രമിയെ വധിച്ചുവെന്നാണ് പൊലീസ് അറിയിക്കുന്നത്. ജറുസലേമിലെ നെവ് യാക്കോവ് പരിസരത്താണ് വെടിവയ്പ്പുണ്ടായത്.
വെള്ളിയാഴ്ച രാത്രി 8.15ഓടെയാണ് ഭീകരന്‍ കാറില്‍ എത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കിഴക്കന്‍ ജറുസലേമിന്റെ വടക്കന്‍ ഭാഗത്തുള്ള കെട്ടിടത്തിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. അക്രമി സംഭവസ്ഥലത്ത് നിന്ന് പലസ്തീനിയന്‍ സമീപപ്രദേശമായ ബെയ്റ്റ് ഹനീനയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പിടിയിലാകുന്നത്.
ആക്രമണത്തിന് ഉപയോഗിച്ച കൈത്തോക്ക് അക്രമിയില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. അക്രമി ആദ്യം തെരുവില്‍ നിന്ന ഒരു വയോധികയെയാണ് വെടിവച്ചത്, പിന്നീട് അതിവഴി കടന്നു പോവുകയായിരുന്ന ഒരു ബൈക്ക് യാത്രികന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അതിനുശേഷമാണ് ജൂത ആരാധനാലയത്തിന് പുറത്തുള്ള ആളുകള്‍ക്ക് നേരെ വെടിവെച്ചത്. ഭീകരന്‍ കണ്ണില്‍ കണ്ടവര്‍ക്ക് നേരെയെല്ലാം ഒരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അധികൃതര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ചും രണ്ട് പേര്‍ ജറുസലേമിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലിരിക്കേയുമാണ് മരിച്ചതെന്ന് ആംബുലന്‍സ് സര്‍വീസ് നടത്തുന്ന അധികൃതര്‍ അറിയിച്ചു. മരിച്ചവരില്‍ 20, 25, 30, 50, 60 വയസ്സുള്ള അഞ്ച് പുരുഷന്മാരും 60, 70 വയസ്സുള്ള രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു. ഇവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കഴിഞ്ഞ ദിവസം അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ റെയ്ഡിനിടെ ഒമ്പത് ഫലസ്തീനികളും ഒരു ഇസ്രായേല്‍ സൈനികനും കൊല്ലപ്പെട്ടിരുന്നു. വര്‍ഷങ്ങളിലെ ഏറ്റവും മാരകമായ ആക്രമണമാണിതെന്ന് പലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫ്ലാഷ്‌പോയിന്റ് പട്ടണമായ ജെനിനില്‍ 61 വയസ്സുള്ള ഒരു സ്ത്രീയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
അതേസമയം 'വലിയ ആക്രമണങ്ങള്‍' ആസൂത്രണം ചെയ്യുന്ന ഇസ്ലാമിക് ജിഹാദ് 'ഭീകരപ്രവര്‍ത്തകരെ' അറസ്റ്റ് ചെയ്യാന്‍ തങ്ങളുടെ സൈന്യം പോയതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ഫലസ്തീന്‍ പ്രസിഡന്‍സി ഇസ്രായേലില്‍ 'കൂട്ടക്കൊല' നടത്തിയതായി ആരോപിച്ചു. സുരക്ഷാ കാര്യങ്ങളില്‍ ഇസ്രായേലുമായുള്ള ഏകോപനം തങ്ങള്‍ അവസാനിപ്പിച്ചതായി ഫലസ്തീന്‍ പ്രഖ്യാപിച്ചു.
ജെനിന്‍ റെയ്ഡിനെതിരെ നിവാസികള്‍ പ്രതിഷേധിക്കുന്നതിനിടെ, ജറുസലേമിനടുത്തുള്ള അല്‍-റാം പട്ടണത്തില്‍ ഇസ്രായേല്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു പത്താമത്തെ പലസ്തീന്‍കാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി പലസ്തീന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രാത്രി രണ്ട് റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് തൊടുത്തതിന് ശേഷമാണ് ഗാസയിലെ പലസ്തീന്‍ പോരാളികള്‍ക്കെതിരെ വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ പറഞ്ഞു. ഗാസയിലെ ഒരു ഗ്രൂപ്പും റോക്കറ്റുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല, ഇവ രണ്ടും ഇസ്രായേലി വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞിരുന്നു.
ഗാസയിലെ സ്‌ഫോടനത്തിന്റെ വ്യാപ്തി ഇതുവരെ വ്യക്തമായിട്ടില്ല, എന്നാല്‍ ഇരുവശത്തും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് എഎഫ്പി വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ഇസ്രായേലിലെ മാരകമായ ആക്രമണ പരമ്പരകളെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ആരംഭിച്ച തീവ്രവാദ വിരുദ്ധ ആക്രമണമെന്ന് ഇസ്രായേല്‍ സൈന്യം വിശേഷിപ്പിക്കുന്ന തിരിച്ചടികള്‍ തുടരുന്നതിനാല്‍ വെസ്റ്റ് ബാങ്കില്‍ അടുത്തിടെ സംഘര്‍ഷം ഉയര്‍ന്നിരിക്കുകയാണ്.