ഗാര്‍ഹിക പീഡനം: മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മൈക്കല്‍ സ്ലേറ്റര്‍ അറസ്റ്റില്‍


OCTOBER 20, 2021, 1:34 PM IST

സിഡ്‌നി: ഗാര്‍ഹിക പീഡന പരാതിയില്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്റര്‍ അറസ്റ്റില്‍. സിഡ്‌നിയിലെ മാന്‍ലി പൊലീസ് സ്റ്റേഷനില്‍ ലോക്കപ്പില്‍ കഴിയുകയാണ് സ്ലേറ്റര്‍. ഒക്ടോബര്‍ 12നു നടന്ന ഗാര്‍ഹിക പീഡന പരാതിയുമായി ബന്ധപ്പെട്ടാണ് സ്ലേറ്ററെ അറസ്റ്റ് ചെയ്തത്. 51കാരനായ സ്ലേറ്റര്‍ മൂന്ന് കുട്ടികളുടെ പിതാവാണ്.

മുന്‍പും വിവാദങ്ങളില്‍ ഇടം പിടിച്ചിട്ടുള്ളയാളാണ് സ്ലേറ്റര്‍. sകാവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണു നേരെ നടത്തിയ പരാമര്‍ശത്തിനു പിന്നാലെ സ്ലേറ്ററെ ചാനല്‍ സെവന്‍ പിരിച്ചുവിട്ടിരുന്നു. ചാനല്‍ സെവന്റെ കമന്ററി പാനലിലായിരുന്നു സ്ലേറ്റര്‍. സ്വന്തം പൗരന്മാരെ ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പ്രവേശിപ്പിക്കാത്ത പ്രധാനമന്ത്രിയുടെ നടപടി വളരെ മോശമാണെന്നായിരുന്നു സ്ലേറ്ററുടെ പരാമര്‍ശം.

അതേസമയം, ടി-20 ലോകകപ്പിനു മുന്നോടിയായ സന്നാഹമത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് ദുബായ് ഐസിസി അക്കാദമി ഗ്രൗണ്ടിലാണ് മത്സരം. ആദ്യ സന്നാഹ മത്സരത്തില്‍ ഇരു ടീമുകളും വിജയിച്ചിരുന്നു. ഇന്ത്യ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയ ന്യൂസീലന്‍ഡിനെയുമാണ് കീഴടക്കിയത്. ഇരു ടീമുകള്‍ക്കും ലോകകപ്പിലെ ഫൈനല്‍ ഇലവന്‍ തീരുമാനിക്കാനുള്ള അവസാന അവസരമാവും ഇന്നത്തെ സന്നാഹമത്സരം.

Other News