ബരാദറിനെ വധിച്ചെന്ന് കിംവദന്തി; ഇല്ലെന്ന് താലിബാന്‍


SEPTEMBER 14, 2021, 10:01 PM IST

കാബൂള്‍: താലിബാന്‍ മുതിര്‍ന്ന നേതാക്കളിലൊരാളായ അബ്ദുല്‍ ഗനി ബരാദര്‍ കൊല്ലപ്പെട്ടെന്ന അഭ്യൂഹം താലിബാന്‍ തള്ളി. എതിരാളികളുടെ വെടിയേറ്റാണ് മരിച്ചതെന്നാണ് പ്രചരിച്ചിരുന്നത്. താലിബാന്‍ സംഘത്തില്‍ ആഭ്യന്തര പിളര്‍പ്പുകളുണ്ടായെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാമ് എതിരാളികളുടെ വെടിയേറ്റ് അബ്ദുല്‍ ഗനി ബരാദര്‍ കൊല്ലപ്പെട്ടെന്ന് പ്രചരണമുണ്ടായത്.

കഴിഞ്ഞ ആഴ്ച അഫ്ഗാന്‍ ഉപപ്രധാനമന്ത്രിയായി പ്രഖ്യാപിച്ചിരുന്ന ബരാദര്‍ ദോഹയിലെ പൊളിറ്റക്കല്‍ ഓഫിസില്‍ മുന്‍ മേധാവിയായിരുന്നു.

ബരാദര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തെന്ന വാര്‍ത്ത നുണയാണെന്ന് താലിബാന്‍ വക്താവ് സുലൈല്‍ ഷഹീന്‍ ശബ്ദസന്ദേശം നല്കി. തെക്കന്‍ നഗരമായ കാണ്ഡഹാറിലെ യോഗങ്ങളില്‍ ബരാദറിനെ കാണിക്കുന്ന വീഡിയോ ദൃശ്യങ്ങളും താലിബാന്‍ പുറത്തുവിട്ടെങ്കിലും ദൃശ്യങ്ങളുടെ വിശ്വാസ്യത വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ല. 

പാകിസ്താന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള ഹഖാനി നെറ്റ്വര്‍ക്കിന്റെ തലവനായ സിറാജുദ്ദീന്‍ ഹഖാനിയുടെ അനുയായികളുമായി ബരാദറിന്റെ അനുയായികള്‍ ഏറ്റുമുട്ടിയെന്നും ചാവേര്‍ ആക്രമണങ്ങള്‍ ഉണ്ടായെന്നുമാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന അഭ്യൂഹം. ഇത്തരം അഭ്യൂഹങ്ങള്‍ പരന്നതിന് പിന്നാലെയാണ് താലിബാന്‍ നിഷേധവുമായി രംഗത്തെത്തിയത്. യു എസുമായി ഒത്തുതീര്‍പ്പിലെത്താനുളള നയതന്ത്ര ശ്രമങ്ങള്‍ക്ക് നേതൃത്വം നല്കിയ ഹഖാനിയെ പോലുള്ള സൈനിക കമാന്റര്‍മാരും ബരാദറിനെ പോലെ ദോഹയിലെ രാഷ്ട്രീയ ഓഫിസില്‍ നിന്നുള്ള നേതാക്കളും തമ്മില്‍ മത്സരമുണ്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര പ്രശ്നങ്ങളുണ്ടെന്ന ഊഹാപോഹങ്ങളെ താലിബാന്‍ ആവര്‍ത്തിച്ച് നിഷേധിക്കുകയാണ്.

നേരത്തെ താലിബാന്‍ സര്‍ക്കാറിന്റെ തലവനായി കണ്ടിരുന്ന ബരാദര്‍ കുറച്ചുകാലം പരസ്യമായി രംഗത്തുണ്ടായിരുന്നില്ല.  മാത്രമല്ല കഴിഞ്ഞ ദിവസം ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയുടെ അഫ്ഗാന്‍ സന്ദര്‍ശനത്തിലും മന്ത്രിതല സംഘത്തിന്റെ ഭാഗമായി ബരാദര്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.

Other News