ജര്‍മനിയിലെ ഇന്ത്യന്‍ ഫെസ്റ്റില്‍ ബീഫിന് നിരോധനം: പ്രതിഷേധവുമായി മലയാളികള്‍


SEPTEMBER 3, 2019, 11:42 PM IST

ബെര്‍ലിന്‍:ജര്‍മനിയില്‍ നടന്ന ഭക്ഷ്യമേളയില്‍ ബീഫിന് നിരോധനം. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന നീക്കത്തിനെതിരെ പ്രതിഷേധവുമായി മലയാളികള്‍ രംഗത്തെത്തി. ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഫ്രാങ്ക്ഫ ര്‍ട്ട് സംഘടിപ്പിച്ച ഇന്ത്യന്‍ ഫെസ്റ്റിനോടനുബന്ധിച്ചായിരുന്നു സംഭവം. 

ഫെസ്റ്റിനോടനുബന്ധിച്ചു കേരളസമാജം ഫ്രാങ്ക്ഫര്‍ട്ടിന്റെ സ്റ്റാളില്‍ കേരളത്തിന്റെ തനതായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പൊറോട്ടയും ബീഫും മെനുവില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ മെനു ശ്രദ്ധയില്‍പ്പെട്ട വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തകര്‍ ബീഫ് വിതരണത്തിന് എതിരെ എതിര്‍പ്പുമായി രംഗത്തെത്തി. ബീഫ് ഹിന്ദു സംസ്‌കാരത്തിന് എതിരാണെന്ന് വാദിച്ചുകൊണ്ടായിരുന്നു വി എച്ച് പിക്കാരുടെ പ്രതിഷേധം. 

ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് കേരള സമാജത്തോട് ബീഫ് മെനുവില്‍ നിന്നും നീക്കം ചെയ്യുവാന്‍ ആവശ്യപ്പെട്ടു. ഇതോടെ കേരള സമാജം പരിപാടി ബഹിഷ്‌കരിച്ചു. ഇന്ത്യക്കു പുറത്തേക്കു പടരുന്ന  മത അസഹിഷ്ണുത, ഭക്ഷണ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം എന്നിവയില്‍ പ്രതിഷേധിച്ച് ഫ്രാങ്ക്ഫർട്ടിൽ മലയാളി യുവാക്കള്‍ പ്രതിഷേധിച്ചു. 

ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തെയും, ഭക്ഷണ സ്വാതന്ത്ര്യത്തെയും പ്രതിപാദിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയുടെ ശയസ്സ് കെടുത്താനേ ഇത്തരം നടപടികള്‍ ഉപകരിക്കുകയുള്ളൂവെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത മലയാളികള്‍ പറഞ്ഞു.ഇതിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനും മലയാളികള്‍ ആരംഭിച്ചിട്ടുണ്ട്.