എത്യോപ്യന്‍ വിമാന ദുരന്തം; മൂക്കുകുത്തി വിമാനം താഴേക്കു പോകുന്നതു തടയാന്‍ ബോയിംഗ് നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ പൈലറ്റുമാര്‍ ആവര്‍ത്തിച്ചിട്ടും രക്ഷയുണ്ടായില്ലെന്ന് റിപ്പോര്‍ട്


APRIL 4, 2019, 10:38 PM IST

ആഡിസ്അബാബ: കഴിഞ്ഞ മാസം തകര്‍ന്ന എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 മാക്‌സ് വിമാനം മൂക്കുകുത്തി താഴേക്കു പോയ അവസരത്തില്‍ വിമാനം നിയന്ത്രണവിധേയമാക്കുന്നതിന് ബോയിംഗ് നിര്‍ദേശിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ പൈലറ്റുമാര്‍ ആവര്‍ത്തിച്ച് പരീക്ഷിച്ചിട്ടും രക്ഷയുണ്ടായില്ലെന്ന് റിപ്പോര്‍ട്ട്. ദുരന്തത്തെപ്പറ്റിയുള്ള പ്രാഥമിക റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ പുറത്തുവിട്ടുകൊണ്ട് എത്യോപ്യന്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ദഗ്മവിറ്റ് മോഗസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പറന്നുയര്‍ന്ന് ആറു മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്ന് അതിലുണ്ടായിരുന്ന 157 പേരും കൊല്ലപ്പെടുകയായിരുന്നു. 

വിമാനത്തിന്റെ നിര്‍മാതാക്കള്‍ നല്‍കിയ പ്രൊസീഡിയര്‍ കോഡ് പൈലറ്റുമാര്‍ ആവര്‍ത്തിച്ച് പരീക്ഷിച്ചിട്ടും വിമാനം നിയന്ത്രണ വിധേയമായില്ലെന്ന് പത്രസമ്മേളനത്തില്‍ മോഗസ് പറഞ്ഞു. ദുരന്തത്തെപ്പറ്റിയുള്ള ആദ്യ പ്രഥമിക റിപ്പോര്‍ട്ട് ഈ ആഴ്ച ഒടുവില്‍ പുറത്തു വിടുമെന്നാണ് സൂചന.  ഈ റിപ്പോര്‍ട്ടില്‍ ആരെയും പഴി ചാരുന്നില്ലെങ്കിലും വിമാനത്തിന്റെ കണ്‍ട്രോള്‍ സംവിധാനം ബോയിംഗ് പുന:പരിശോധനയ്ക്ക് വിധേയമാക്കണെമെന്നും, വ്യോമയാന അധികൃതര്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഇപ്പോള്‍ നിലത്തിറക്കിയിട്ടുള്ള 737 മാക്‌സ് വിമാനങ്ങള്‍ പറത്താന്‍ അനുമതി നല്‍കാവൂ എന്നും നിര്‍ദേശിക്കുന്നുണ്ട്.

വിമാനം അപകടകരമായ രീതിയില്‍ കുത്തനേ ഉയരുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് 737 മാക്‌സ് വിമാനങ്ങളില്‍ മാനുവറിംഗ് കാരക്റ്റര്‍സ്റ്റിക്‌സ് ഓഗ്‌മെന്റേഷന്‍ സിസ്റ്റം (എം.സി.എ.എസ്) എന്ന സോഫ്റ്റ്‌വെയര്‍ സംവിധാനമുണ്ട്. വിമാനം കുത്തനേ ഉയരുന്നു എന്ന് സെന്‍സറുകള്‍ റീഡിംഗ് നല്‍കിയാല്‍ എം.സി.എ.എസ് പ്രവര്‍ത്തനം വിമാനത്തിന്റെ മൂക്കുഭാഗം താഴത്തേക്ക് കൊണ്ടുവരും. സെന്‍സറുകള്‍ തെറ്റായി വിവരം നല്‍കിയാലും ഇത് സംഭവിക്കും. എം.സി.എ.എസ് സിസ്റ്റം പ്രവര്‍ത്തനരഹിതമാക്കി വിമാനത്തിന്റെ നിയന്ത്രണം പൈലറ്റുമാര്‍ക്ക് വീണ്ടെടുക്കാനാകും. കഴിഞ്ഞ ഒക്‌ടോബറില്‍ ഇന്തോനേഷ്യയുടെ ലയണ്‍ എയര്‍ വിമാന കമ്പനിയുടെ ബോയിംഗ് മാക്‌സ് വിമാനവും സമാനമായ രീതിയില്‍ മൂക്കുകുത്തി കടലില്‍ പതിക്കുകയായിരുന്നു. എം.സി.എ.എസ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനഫലമായി ലയണ്‍ എയര്‍ വിമാനം 20 തവണ മൂക്കുകുത്തി താഴേക്കു പോന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ബോയിംഗ് നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ പാലിച്ചിട്ടും വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല എന്ന എത്യോപ്യന്‍ അധികൃതരുടെ വെളിപ്പെടുത്തല്‍ ബോയിംഗിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നതാണ്. 


Other News