നിഷ്ഠൂരം; ബ്രിട്ടനിലെ  ഈ പുനഃസംഘടന 


AUGUST 2, 2019, 2:52 PM IST

സമീപകാല ചരിത്രത്തിലെ ഏറ്റവും നിഷ്ഠുരമായ ഒരു മന്ത്രിസഭാ പുനഃസംഘടനയാണ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി ബോറിസ് ജോൺസൻ നടത്തിയത്.

വളരെക്കാലമായി ബ്രെക്‌സിറ്റിന്റെ പിന്തുണക്കാരായിരുന്നവർപോലും ഒഴിവാക്കപ്പെട്ടു. ഡിഫൻസ് സെക്രട്ടറി ആയിരുന്ന പെന്നി മോർഡൗണ്ട് ട്രേഡ് സെക്രട്ടറി ആയി തരംതാഴ്ത്തപ്പെട്ടു. നേതൃത്വ മത്സരത്തിൽ ജോൺസന്റെ എതിരാളിയായിരുന്ന ജെറെമി ഹണ്ടിനെ പിന്തുണച്ച ലിയാം ഫോക്‌സിനെ ട്രേഡ് സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കി. തരം താഴ്ത്തപ്പെട്ട വിദേശ സെക്രട്ടറി ഹണ്ടും മന്ത്രിസഭയിൽ ചേർന്നില്ല.

മുമ്പ് ബ്രെക്‌സിറ്റ് സെക്രട്ടറി എന്ന നിലയിൽ കടും പിടുത്തം കാട്ടിയ ഡൊമിനിക് റാബിനെയാണ് വിദേശ സെക്രട്ടറി ആക്കിയത്. മേയുടെ പിന്മാറ്റ കരാറിനെ എതിർത്ത് കഴിഞ്ഞ നവംബറിലാണ് അദ്ദേഹം സ്ഥാനം രാജിവെച്ചത്. കടുത്ത വലതുപക്ഷക്കാർ കൺസർവേറ്റീവ് പാർട്ടിയിൽ ആധിപത്യം സ്ഥാപിച്ചതായാണ് അടുത്തിടെ കൺസർവേറ്റീവ് പാർട്ടി ബന്ധം ഉപേക്ഷിച്ച എംപി നിക്ക് ബോൾസ് ട്വീറ്റ് ചെയ്തത്. താച്ചറൈറ്റുകളും ലിബേർട്ടേറിയന്മാരും കരാർ വേണ്ടാത്ത ബ്രെക്‌സിറ്റ് വാദികളും പാർട്ടിയെ അടിമുടി കയ്യടക്കിയിരിക്കുകയാണ്. അദ്ദേഹം പറയുന്നു.

മന്ത്രിസഭാ പുനഃസംഘടനയിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയവരിൽ സാജിദ് ജാവീദും  ഉൾപ്പെടുന്നു. പാകിസ്ഥാനിൽ നിന്നും കുടിയേറിയ ഒരു ബസ് ഡ്രൈവറുടെ മകനാണ് ജാവീദ്. രാജ്യത്തിന്റെ ധനമന്ത്രിയാണ് അദ്ദേഹമിപ്പോൾ. യൂറോപ്യൻ യൂണിയന്റെ വിമര്ശകനാണെങ്കിലും 2016 ലെ ഹിത പരിശോധനാ കാലത്ത് ബ്രെക്‌സിറ്റിനെ എതിർക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. പിന്നീട് നിലപാട് മാറ്റുകയായിരുന്നു.

ജാവീദ് മുമ്പ് വഹിച്ചിരുന്ന ഹോം സെക്രട്ടറി സ്ഥാനം മറ്റൊരു ബ്രെക്‌സിറ്റ് അനുകൂലിയായ പ്രീതി പട്ടേലാണ് വഹിക്കുന്നത്. കാബിനറ്റ് സഹപ്രവർത്തകരെ അറിയിക്കാതെ ഇസ്രായേലി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിൽ മേയുടെ മന്ത്രിസഭയിൽ നിന്നും രാജിവെച്ചു പുറത്തുപോകേണ്ടിവന്ന മുൻ ഇന്റർനാഷണൽ ട്രേഡ് സെക്രട്ടറിയാണ് പ്രീതി പട്ടേൽ. ബ്രെക്‌സിറ്റിനെ ആവേശപൂർവം പിന്തുണക്കാത്ത  പെന്ഷന്‌സ് സെക്രട്ടറി ആംബർ റൂഡ് ഉൾപ്പടെയുള്ള  ചിലരും  മന്ത്രിസഭയിൽ ഇടംനേടിയെങ്കിലും ഡ്രൈവിംഗ് സീറ്റിൽ ബ്രെക്‌സിറ്റ് അനുകൂലികൾ തന്നെയാണ്. 2016ലെ ഹിത പരിശോധനയിൽ ജോൺസനൊപ്പം ബ്രെക്‌സിറ്റിനെ അനുകൂലിച്ച് പ്രചാരണം നടത്തിയ മൈക്കൽ ഗോവിനാണു  കരാറൊന്നും കൂടാതെതന്നെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന്റെ ഒരുക്കങ്ങളുടെ ചുമതല നൽകിയിട്ടുള്ളത്.

ബ്രെക്‌സിറ്റിനായി കടുത്ത സമ്മർദ്ദം ചെലുത്തുന്ന കൺസർവേറ്റീവ് എംപിമാരുടെ കൂട്ടത്തിൽ റീസ് മോഗിന് ഒരു പ്രൊമോഷൻ നൽകിയപ്പോൾ ബ്രെക്‌സിറ്റ് സെക്രട്ടറി ആയി സ്റ്റീഫൻ ബാർക്ലെ  തുടരുകയാണ്. 2016ലെ ഹിതപരിശോധനാ  പ്രചാരണ വേളയിൽ നിർണ്ണായക പങ്കു വഹിച്ച ഡൊമിനിക് സുമിങ്‌സ് ഉപദേശകന്റെ രൂപത്തിലാണ് ഡൗണിങ് സ്ട്രീറ്റിലെത്തിയിട്ടുള്ളത്. മൂന്ന് വർഷക്കാലം ബ്രെക്‌സിറ്റ് വിഷയത്തിൽ കൺസർവേറ്റീവ് പാർട്ടിയിലെ വിഭിന്ന അഭിപ്രായ ഗതിക്കാർക്കിടയിൽ ഒരു സമവായമുണ്ടാക്കുന്നതിനാണ് മേ ശ്രമിച്ചത്. ആ സ്ഥാനത്തേക്കുള്ള ജോൺസന്റെ കടന്നുവരവ് പാർട്ടിയിൽ പലരെയും ഭയചകിതരാക്കിയിട്ടുണ്ട്.

മേയുടെ ടീമിൽ ഉൾപ്പെട്ടിരുന്ന പലരെയും പുറത്താക്കിയതിലൂടെ കരാറൊന്നും കൂടാതെയുള്ള ബ്രെക്‌സിറ്റിനെ എതിർക്കാൻ അവർക്കു സ്വാതന്ത്ര്യം നൽകുക കൂടിയാണ് ജോൺസൻ ചെയ്തിട്ടുള്ളത്. ഒരു പൊതു തെരഞ്ഞെടുപ്പിനെ സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തിപ്പെട്ടിട്ടുള്ളതും ഈ സാഹചര്യത്തിൽ തന്നെയാണ്. അതേ സമയം വീണ്ടുമൊരു ഹിതപരിശോധനകൂടി നടത്തണമെന്ന നിർദ്ദേശവും ഉയരുന്നുണ്ട്.

Other News