ബ്രെക്‌സിറ്റ് യാഥാർഥ്യമാക്കാൻ ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിൽ ബോറിസ് ജോൺസൺ


JULY 23, 2019, 7:43 PM IST

ലണ്ടന്‍:  ബ്രിട്ടീഷ് പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായി ബോറിസ് ജോൺസണെ തെരഞ്ഞെടുത്തു.ബുധനാഴ്‌ച അദ്ദേഹം സ്ഥാനമേൽക്കും. നേതൃത്വത്തിലേക്കുള്ള മത്സരത്തിൽ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെയാണ് ലണ്ടനിലെ മുൻ മേയറായ ജോണ്‍സണ്‍ പിന്തള്ളിയത്.

45,497 വോട്ടുകൾക്കാണ് ബോറിസ് ജോണ്‍സന്‍റെ ജയം. വോട്ടെടുപ്പിൽ 1,60,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ പങ്കെടുത്തു.ജോണ്‍സണ് 92,153 വോട്ടും ജെറമി ഹണ്ടിന് 46,656 വോട്ടും ലഭിച്ചു. കരാറുകളില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നും ഇതിനെ അനുകൂലിക്കുന്നവരെ ഒരുമിപ്പിക്കുമെന്നും ജോണ്‍സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

തീവ്ര ബ്രെക്‌സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ നേതാവായി ജോണ്‍സണ്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി അന്നെ മില്‍ട്ടന്‍ രാജിവച്ചു.കരാറുകളില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനെ ജോണ്‍സണ്‍ പിന്തുണയ്ക്കുമെന്ന് ആശങ്കപ്പെട്ടാണു രാജി.അധികാരമാറ്റത്തോടെ കൂടുതല്‍ മന്ത്രിമാര്‍ രാജിവയ്ക്കുമെന്നാണ് വിലയിരുത്തല്‍.

അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളിലെ ആധിപത്യം ജോണ്‍സണ്‍ നിലനിര്‍ത്തി. 1.6 ലക്ഷം വരുന്ന പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടുകളാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. ബ്രെക്‌സിറ്റ്  യാഥാര്‍ത്ഥ്യമാക്കുക എന്നതായിരിക്കും ജോണ്‍സണ് മുന്നിലുള്ള പ്രധാന വെല്ലുവിളി.കരാറോടെയോ അല്ലാതെയോ ഒക്ടോബര്‍ 31നു മുന്‍പ് ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന് ജോണ്‍സന്‍ പ്രഖ്യാപിച്ചിരുന്നു.ഇതേ വിഷയത്തില്‍ പലപ്പോഴും പരാജയമടഞ്ഞ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്ന തെരേസ മേയ്‌ക്കു  ശേഷം വരുന്ന പുതിയ നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കാത്തിരിക്കുകയാണ് ബ്രിട്ടന്‍.

എന്നാല്‍,പാര്‍ലമെന്‍റില്‍ ചെറിയ ഭൂരിപക്ഷം മാത്രമുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാണ്. ജോണ്‍സണ്‍ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുംമുമ്പ് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച ധനകാര്യ മന്ത്രി ഫിലിപ്പ് ഹാമന്‍ഡ് ജോണ്‍സന് കടുത്ത വെല്ലുവിളിയുയര്‍ത്തും. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ സ്വന്തം പാര്‍ട്ടിയുടെ സര്‍ക്കാരിനെ വീഴ്ത്താന്‍ മടിക്കില്ലെന്നാണ് ഹാമന്‍ഡ് മുന്നറിയിപ്പ് നൽകുന്നത്.

Other News