ലൈംഗികാതിക്രമ കേസില്‍ ബ്രസീലിയന്‍ ഫുട്ബാള്‍ താരം പൊലീസ് കസ്റ്റഡിയില്‍


JANUARY 20, 2023, 10:56 PM IST

ബാഴ്സലോണ: ലൈംഗികാതിക്രമ കേസില്‍ ബ്രസീലിയന്‍ ഫുട്ബോള്‍ താരം ഡാനി ആല്‍വസ് സ്പെയിനില്‍ പൊലീസ് കസ്റ്റഡിയില്‍. ബാഴ്സലോണയിലെ നിശാ ക്ലബ്ബില്‍ യുവതിയെ ലൈംഗികമായി അക്രമിച്ചു എന്ന പരാതിയിലാണ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. ആല്‍വസിനെ വിചാരണയ്ക്കായി ബാഴ്സലോണ കോടതിയില്‍ ഹാജരാക്കുമെ്ന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നായിരുന്നു കേസിനാസ്പദമായ സംഭവം. ബാഴ്സലോണയിലെ നിശാ ക്ലബ്ബില്‍ ഡാനി ആല്‍വസ് മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ആല്‍വസ് നിഷേധിച്ചു. \'സംഭവസ്ഥലത്ത് താനുണ്ടായിരുന്നെങ്കിലും ആരേയും ശല്യപ്പെടുത്താതെ നൃത്തം ചെയ്യുകയായിരുന്നുവെന്നും ആ സ്ത്രീ ആരാണെന്ന് പോലും തനിക്കറിയില്ലെന്നുമാണ് ഡാനി ആല്‍വസ് പറയുന്നത്. മാത്രമല്ല, തന്നോടൊപ്പം നിരവധി പേരുണ്ടായിരുന്നെന്നും ഡാനി ആല്‍വസ് വിശദീകരിച്ചു. ഒരിക്കലും ഒരു പെണ്‍കുട്ടിയോടോ സ്ത്രീയോടോ തനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്നും ആല്‍വസ് പറഞ്ഞു. 

ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിലൊരാളാണ് 39കാരനായ ഡാനി ആല്‍വസ്. ബ്രസീല്‍ ദേശീയ ടീമിനായി 126 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ താരം നേടിയിട്ടുണ്ട്. നിലവില്‍ മെക്സിക്കന്‍ ക്ലബ്ബായ പ്യൂമാസില്‍ കളിക്കുന്ന താരം ബാഴ്സലോണ, യുവന്റസ്, പി എസ് ജി, സെവിയ്യ തുടങ്ങി വമ്പന്‍ ക്ലബ്ബുകളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ഖത്തര്‍ ലോകകപ്പില്‍ കാമറൂണിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയ ആല്‍വസ് ലോകകപ്പ് സ്‌ക്വാഡില്‍ ഇടംനേടുന്ന പ്രായം കൂടിയ താരമെന്ന ബഹുമതിക്ക് അര്‍ഹനാവുകയും ചെയ്തിരുന്നു.

Other News